വാഷിംഗ്ടണ്‍: കൊവിഡ് 19നെതിരെയുള്ള രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക. രണ്ടാമത്തെ പരീക്ഷണത്തിനാണ് അമേരിക്ക തയ്യാറാകുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ട പരീക്ഷണമായി മനുഷ്യനിലാണ് പരീക്ഷിക്കുന്നത്. പെന്‍സില്‍വാനിയയിലെ ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസമാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗം പരീക്ഷണത്തിന് അനുമതി നല്‍കിയത്. 

ഐഎന്‍ഒ-4800 എന്ന് പേരിട്ട സിന്തറ്റിക് ഡിഎന്‍എ വാക്‌സിന്റെ രണ്ട് ഡോസ് 18നും 55നും ഇടയില്‍ പ്രായമുള്ള 40 ആരോഗ്യപ്രവര്‍ത്തകരിലാണ് കുത്തിവെക്കുക. ചൈനയെ വാക്‌സിന്‍ പരീക്ഷണത്തിന് പങ്കാളിയാക്കാനും ശ്രമം നടക്കുന്നു. കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ് രണ്ട് വൈറസിന്റെ ജനിതക ഘടനയെക്കുറിച്ച് ചൈനീസ് ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് വാക്‌സിന്‍ പരീക്ഷണത്തിന് വേഗത നല്‍കിയത്. 2012ല്‍ മെര്‍സ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സിന്തറ്റിക് ഡിഎന്‍എ വാക്‌സിനുകളുടെ പരീക്ഷണം കമ്പനി ആരംഭിച്ചിരുന്നതായി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തലവന്‍ കെയ്റ്ര് ബ്രോഡറിക് പറഞ്ഞു.

കഴിഞ്ഞ മാസം 15നാണ് മരുന്ന് പരീക്ഷണം ആരംഭിച്ചത്. യുഎസ് സിയാറ്റിലിലെ കൈസര്‍ പെര്‍മനന്‍ര് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹായത്തോടെയാണ് പരീക്ഷണം പുരോഗമിക്കുന്നത്. പരീക്ഷണത്തിന്റെ ഫലമറിയാന്‍ ചുരുങ്ങിയത് ആറാഴ്ചയെങ്കിലുമെടുക്കും. പരീക്ഷണം വിജയമായാല്‍ പോലും എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ ഒരുവര്‍ഷമെങ്കിലുമെടുത്തേക്കുമെന്നും അധികൃതര്‍ പറഞ്ഞു. രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിര്‍മിക്കാന്‍ സഹായിക്കുന്ന രീതിയിലായിരിക്കും വാക്‌സിന്‍ പ്രവര്‍ത്തിക്കുക.