Asianet News MalayalamAsianet News Malayalam

സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ല, ഇസ്രയേലിന് കൂടുതല്‍ സഹായം നല്‍കുമെന്ന് അമേരിക്ക

ഹമാസും പുടിനും വ്യത്യസ്ത ഭീഷണികൾ ആണ്. എന്നാൽ പൊതുവായി ഒന്നുണ്ട്. ഇരുവരും  അയൽരാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍

america to give more aid to israel SSM
Author
First Published Oct 20, 2023, 7:57 AM IST

വാഷിങ്ടണ്‍: സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിന്‍റെ അനുമതി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും കഴിഞ്ഞ ദിവസം സാമ്പത്തിക സഹായം ചെയ്ത അമേരിക്ക ഇന്നലെ ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കി.

9/11 ന് ശേഷം അമേരിക്ക കാട്ടിയ പിഴവുകളിൽ നിന്ന് പാഠം പഠിക്കാന്‍ ഇസ്രയേലിനോട് ബൈഡൻ ആവശ്യപ്പെട്ടു. ക്രോധത്താൽ അന്ധരാകരുതെന്ന് ഉപദേശിച്ചു. ഇസ്രയേലിനോടും യുക്രെയ്നോടും ഐക്യപ്പെടാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അമേരിക്ക ലോകത്തിന് വഴിവിളക്കായി തുടരണം. എല്ലാ രൂപത്തിലുമുള്ള വിദ്വേഷത്തെ തള്ളിക്കളയണം. ലോകത്തെ ഒന്നിച്ചു നിർത്തുന്നത് അമേരിക്കൻ നേതൃത്വമാണ്. സഖ്യങ്ങളാണ് അമേരിക്കയെ സുരക്ഷിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ബന്ദിയാക്കിയ ഹമാസുകാർക്ക് കാപ്പിയും ബിസ്കറ്റും, തമാശ പറഞ്ഞു': തോക്കിന്‍ മുനയില്‍ നിന്ന് രക്ഷപ്പെട്ട് 65കാരി

ഏകാധിപതികളും ഭീകരരും കുഴപ്പങ്ങളും മരണങ്ങളും നാശവും വിതയ്ക്കുന്നു. അധികാരത്തോടുള്ള അഭിനിവേശം കാരണം പുടിന്‍ യുക്രെയിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അവര്‍ യുക്രെയിനില്‍ മാത്രം ഒതുങ്ങില്ല. ഹമാസും പുടിനും പ്രതിനിധീകരിക്കുന്നത് വ്യത്യസ്ത ഭീഷണികളെയാണ്. പക്ഷേ അവർ ഒരു കാര്യത്തില്‍ സമാനരാണ്. അയൽരാജ്യത്തിലെ ജനാധിപത്യത്തെ പൂർണമായും ഉന്മൂലനം ചെയ്യാൻ ഇരു കൂട്ടരും ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിരപരാധികളായ പലസ്തീനികളെ അവഗണിക്കാനാവില്ല. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും ഏത് വിഭാഗത്തിനെതിരെയുമുള്ള എല്ലാ തരത്തിലുള്ള വിദ്വേഷങ്ങളെയും അമേരിക്ക തള്ളിക്കളയുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം: ക്രിസ്ത്യൻ പള്ളിയടക്കം തകർത്തു, നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു

അതിനിടെ ഇസ്രയേല്‍ ഗാസയിൽ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയിലെ അൽ സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു.

അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ ഷെൽ ആക്രമണം നടത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനിൽ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പൽ നിർവീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രയേലിനായി അമേരിക്ക കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചു.

 

Follow Us:
Download App:
  • android
  • ios