ഹാൻ്റ വൈറസ് രോ​ഗം റിപ്പോ‍ട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് കൂടി രോ​ഗം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനായ യാത്രക്കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളെ കപ്പലിൽനിന്ന് ഒഴിപ്പിച്ച് അമേരിക്കയിലേക്ക് എത്തിക്കുകയാണ്. 

വാഷിങ്ടൺ ഡിസി: ഹാൻ്റ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പലിലെ യാത്രക്കാരനായിരുന്ന അമേരിക്കൻ പൗരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ഫ്രഞ്ച് പൗരനും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ഞായറാഴ്ച സ്പെയിനിലെ കാനറി ദ്വീപിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് പുറത്തിറങ്ങി, സൈനിക, സർക്കാർ വിമാനങ്ങളിൽ ജന്മനാടുകളിലേക്ക് മടങ്ങിയവർക്കാണ് രോ​ഗം.

Add Asianetnews as a Preferred SourcegooglePreferred

നെ‍തർലൻഡ്സ് ആസ്ഥാനമായ എംവി ​ഹോണ്ടിയസ് കപ്പലിൽനിന്ന് പുറത്തെത്തിച്ച 17 അമേരിക്കൻ യാത്രക്കാരിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും എന്നാൽ രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും യുഎസ് ആരോ​ഗ്യ വിഭാ​ഗം അധികൃത‍ർ അറിയിച്ചു. അമേരിക്കൻ യാത്രക്കാരെയും വഹിച്ചു യുഎസിലേക്ക് പറന്ന വിമാനം തിങ്കളാഴ്ച പുല‍ർച്ചെ അമേരിക്കയിലെ നെബ്രാസ്കയിലുള്ള ഒമാഹയിൽ എത്തിച്ചേരും. യാത്രക്കാരെ ആദ്യം യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലേക്ക് എത്തിച്ചു പരിശോധനകൾക്ക് വിധേയമാക്കും.

കാനറി ദ്വീപിലെ ടെനറിഫെയിൽ ക്രൂയിസ് കപ്പൽ എത്തിച്ചേ‍ർന്ന ശേഷമാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. മാസ്ക് അടക്കം സുരക്ഷാ സാമ​ഗ്രികൾ ധരിച്ചാണ് ഉദ്യോ​ഗസ്ഥർ കപ്പലിൽനിന്ന് യാത്രക്കാരെ തീരത്തേക്ക് എത്തിച്ചത്. കപ്പലിൽനിന്ന് ആദ്യം പുറത്തിറക്കിയ സ്പെയിനിൽ നിന്നുള്ള യാത്രക്കാരെ മാഡ്രിഡിൽ എത്തിച്ചു സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇതിനുശേഷം ഫ്രഷ് യാത്രക്കാരെ പാരിസിൽ എത്തിച്ചു.

അഞ്ച് ഫ്രഞ്ച് യാത്രക്കാരിൽ ഒരാൾക്കാണ് രോ​ഗലക്ഷണമുള്ളതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോ‍ർണു പ്രസ്താവനയിൽ അറിയിച്ചിരുന്നു. എല്ലാവരെയും ക‍ർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ടായിരുന്നു. നേരത്തെ കപ്പലിലുണ്ടായിരുന്ന ആർക്കും രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സ്പാനിഷ് ആരോ​ഗ്യ മന്ത്രാലയം, ലോകാരോ​ഗ സംഘടന, കപ്പൽ കമ്പനിയായ ഓഷ്യൻവൈഡ് എക്സ്പെഡീഷൻസും അറിയിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ജാപ്പനീസ് പൗരന്മാരെ ചാ‍ടർട്ടേഡ് വിമാനത്തിൽ ബ്രിട്ടണിൽ എത്തിയതായും 45 ദിവസത്തോളം ബ്രിട്ടീഷ് സർക്കാരിൻ്റെ നിരീക്ഷണത്തിൽ തുടരുമെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം ഹാൻ്റ വൈറസ് രോ​ഗബാധയെ തുടർന്ന് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് അറിയിച്ചു. ഇത് കൊവിഡ് പോലൊരു മറ്റൊരു രോ​ഗബാധയല്ലെന്ന് ആവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വ്യക്തമാക്കി. അർജൻ്റീനയയിലെ ഉഷുവായയിൽനിന്ന് ഏപ്രിൽ ഒന്നിനാണ് എം വി ​ഹോണ്ടിയസ് കപ്പൽ യാത്ര തിരിച്ചത്. കാനറി ദ്വീപ് വരെയായിരുന്നു കപ്പലിൻ്റെ യാത്ര. കപ്പലിൽ ഹാൻ്റ വൈറസ് രോ​ഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തുടർ‌ന്ന് മൂന്നുപേരാണ് മരണപ്പെട്ടത്. രോ​ഗം സ്ഥിരീകരിച്ച അഞ്ചുപേരെ കപ്പലിൽനിന്ന് മാറ്റിയിരുന്നു.