അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയ ഗോൾഡ് കാർഡ് പ്രോഗ്രാമിനോട് താൽപര്യം കാട്ടാതെ സമ്പന്നരും ഇമിഗ്രേഷൻ അഭിഭാഷകരും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന വിസ പ്രോഗ്രാമിൻ്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതായി അഭിഭാഷകർ. 

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് കൊട്ടിഘോഷിച്ച് പുറത്തിറക്കിയ 'ഗോൾഡ് കാർഡി'നോട് മുഖം തിരിച്ച് സമ്പന്നർ. നിയമപരവും സാമ്പത്തികപരവുമായ ആശങ്കകൾ കാരണം സമ്പന്നർ ഗോൾഡ് കാർഡ് വിസ പ്രോഗ്രാമിനോട് താൽപര്യം കാണിക്കുന്നില്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. യുഎസ് കോൺഗ്രസ് വിസ പ്രോഗ്രാമിന് അംഗീകാരം നൽകാത്തതാണ് പ്രധാന പ്രശ്നമായി അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. ഗോൾഡ് കാർഡിൻ്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പല അഭിഭാഷകരും പ്രോഗ്രാമിനെക്കുറിച്ച് അറിയാൻ എത്തുന്ന ക്ലൈയ്ൻ്റുകളെ നിരുത്സാഹപ്പെടുത്തി മടക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ജൂണിലാണ് പ്രസിഡൻ്റ് ട്രംപ് ഗോൾഡ് കാർഡ് പുറത്തിറക്കിയത്. സെപ്റ്റംബർ മാസം ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആണ് ഗോൾഡ് കാർഡ് പ്രോഗ്രാം പ്രാബല്യത്തിൽ വന്നത്. അമേരിക്കയിൽ അതിവേഗ സ്ഥിരതാമസം അനുവദിക്കുന്ന പ്രോഗ്രാമിന് ഒരു മില്യൺ ഡോളർ (ഏകദേശം 9.53 കോടി രൂപ) ആണ് ചെലവ്. കൂടാതെ, അപേക്ഷ ഫീസായി 15,000 ഡോളറും അടയ്ക്കണം.

നിലവിലെ നിയമവ്യവഹാരങ്ങളും നികുതി നൂലാമാലകളും വിസയുടെ നിയമപരമായ സാധുതയും കാരണം ഗോൾഡ് കാർഡ് വിസ പ്രോഗ്രാം സമ്പന്നർക്ക് നിർദേശിക്കാൻ റിസ്ക്കുണ്ടെന്ന് അഭിഭാഷകർ പറയുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രംപിൻ്റെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുള്ള അഭിഭാഷകർ പോലും വിസ പ്രോഗ്രാമിനോട് താൽപര്യം കാണിക്കുന്നില്ല. ക്ലൈയ്ൻ്റുകൾ പ്രോഗ്രാമിനോട് അനുകൂലമാണെങ്കിലും നിയമപരമായ അനിശ്ചിതത്വവും സാമ്പത്തികപരമായ അപകട സാധ്യതയും കാരണം പ്രോഗ്രാം നിർദേശിക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്ന് ഒരു ഇമിഗ്രേഷൻ അഭിഭാഷക വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇതുവരെ അപേക്ഷിച്ചത് 338 പേർ

അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, ഇതുവരെ 338 പേരാണ് ഗോൾഡ് കാർഡ് വിസ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചത്. ഇതിൽ 165 അപേക്ഷകർ മാത്രമാണ് 15,000 ഡോളർ ഫീസ് നൽകിയത്. 80,000 ഗോൾഡ് കാർഡുകൾ വിതരണം ചെയ്ത് 100 ബില്യൺ ഡോളറിലധികം സമാഹരിക്കാൻ കഴിയുമെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് അവകാശപ്പെട്ടിരുന്നു.