ഇസ്രായേലിൽ അതീവ അപൂർവ്വമായ ഒരു അൽബിനോ പെൺ പലസ്തീനിയൻ അണലിയെ കോഴിക്കൂട്ടിനുള്ളിൽ നിന്നും കണ്ടെത്തി. ശരീരത്തിന് നിറം നൽകുന്ന മെലാനിൻ ഇല്ലാത്തതിനാൽ വെളുത്ത നിറത്തിലുള്ള ഈ പാമ്പിന് കാട്ടിൽ അതിജീവിക്കാനുള്ള സാധ്യത കുറവാണെങ്കിലും, രണ്ട് വയസ്സുള്ള ഈ അണലി അതിജീവിച്ചത് ഒരു വിസ്മയമായി കണക്കാക്കപ്പെടുന്നു.

ടെൽ അവീവ്:ഇസ്രായേലിൽ വിസ്മയമായി അതീവ അപൂർവ്വ 'അൽബിനോ' അണലി പാമ്പിനെ കണ്ടെത്തി. ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള ഒരു കമ്മ്യൂണിറ്റിയിലെ കോഴിക്കൂട്ടിനുള്ളിൽ നിന്നാണ് അതീവ അപൂർവ്വമായ അൽബിനോ പെൺ പലസ്തീനിയൻ അണലിയെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരനും അനിമൽ റെസ്ക്യൂവറും ബയോളജിസ്റ്റുമായ റാസ് ബിരാനാണ് ഈ വിഷപ്പാമ്പിനെ പിടികൂടിയത്. ശരീരത്തിന് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അപൂർവ്വമായ മ്യൂട്ടേഷൻ കാരണമാണ് പാമ്പുകൾക്ക് ഇത്തരത്തിൽ വെള്ളനിറം ഉണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടുടമസ്ഥൻ കോഴിക്കൂട്ടിനടുത്ത് വേലിക്ക് സമീപം പാമ്പിനെ ചൂണ്ടിക്കാണിച്ചപ്പോൾ സാധാരണ അണലികളുടെ നിറങ്ങളിൽ തിരഞ്ഞ റാസ് ബിരാന് ആദ്യം ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വിളറിയ നിറത്തിലുള്ള ഒരു ഭാഗം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജനിതക വ്യതിയാനം സംഭവിച്ച അപൂർവ്വ ഇനമാണിതെന്ന് തിരിച്ചറിഞ്ഞത്. വർഷങ്ങളായി അണലി പാമ്പുകളുമായി ഇടപഴകുന്ന തനിക്ക് ഈ കാഴ്ച വലിയ ആവേശമാണ് നൽകിയതെന്ന് ബിരാൻ പറഞ്ഞു. വന്യജീവി ഫോട്ടോഗ്രാഫർമാരുമായും അക്കാദമിക് വിദഗ്ദ്ധരുമായും സഹകരിച്ച് ഈ അപൂർവ്വ അണലിയെ കൃത്യമായി ഡോക്യുമെന്റ് ചെയ്ത ശേഷമേ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയുള്ളൂ. ഈ പെൺ അണലിക്ക് ഏകദേശം രണ്ട് വയസ്സ് പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.

അൽബിനോ പാമ്പുകൾക്ക് കാട്ടിൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇവയ്ക്ക് സാധാരണയായി കാഴ്ചശക്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടാതെ ഇവയുടെ ഇളം നിറം കാരണം ഇരപിടിയന്മാരിൽ നിന്ന് ഒളിച്ചിരിക്കാനുള്ള കാമഫ്ലാഷ് ശേഷിയും കുറവായിരിക്കും. എന്നിട്ടും ഈ പെൺ പാമ്പ് ഇതുവരെ അതിജീവിച്ചു എന്നത് അത്ഭുതകരമാണ്. സ്രായേലിലെ എല്ലാ പാമ്പുകളും നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. ലൈസൻസുള്ള പാമ്പ് പിടുത്തക്കാർക്ക് മാത്രമേ ഇവയെ പിടികൂടാൻ അനുമതിയുള്ളൂ. അതിനാൽ അപൂർവ്വമായ പാമ്പുകളെ കണ്ടാൽ പോലും പൊതുജനങ്ങൾ അവയുടെ അടുത്തേക്ക് പോകരുതെന്നും കൊല്ലാനോ ഓടിക്കാനോ ശ്രമിക്കാതെ കൃത്യമായ അകലം പാലിച്ച് അധികൃതരെ വിവരമറിയിക്കണമെന്നും റാസ് ബിരാൻ ഓർമ്മിപ്പിച്ചു.