ചൈനയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ കർഷകനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും വിഷബാധയേറ്റു. ടെലിവിഷനിൽ കണ്ട അറിവ് വെച്ച് മുറിവിൽ നിന്നും വായ് കൊണ്ട് വിഷം വലിച്ചെടുത്തതാണ് ഭാര്യക്കും വിനയായത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇരുവരും സുഖം പ്രാപിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു കർഷകനെ മൂർഖൻ പാമ്പ് കടിച്ചു. വിവരമറിഞ്ഞ് പരിഭ്രാന്തയായ ഭാര്യ, മുമ്പ് ടെലിവിഷനിൽ കണ്ടത് പോലെ മുറിവായിൽ നിന്നും വായ് കൊണ്ട് വിഷം വലിച്ചെടുത്തു. പിന്നാലെ വിഷം ഉള്ളിൽ ചെന്ന് ഭാര്യയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുനാൻ പ്രവിശ്യയിലെ യുവാൻയാങ് കൗണ്ടിയിലെ തന്‍റെ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് കർഷകന്‍റെ കൈ വിരലിൽ മൂർഖൻ പാമ്പ് കൊത്തിയതെന്ന് ജിമു ന്യൂസ് റിപ്പോർട്ട് ചെയ്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പാമ്പ് കടിച്ചത് ഭർത്താവിനെ, ഭാര്യയ്ക്കും വിഷം തീണ്ടി

വിഷമേറിയ മൂർഖൻ പാമ്പിന്‍റെ കടിയേറ്റതിന് പിന്നാലെ കർഷകന്‍റെ മുറിവ് പെട്ടെന്ന് വീർത്തു വന്നു. തുടർന്ന് അദ്ദേഹത്തിന് തലകറക്കവും ശരീരത്തിന് ബലക്കുറവും അനുഭവപ്പെട്ടു. ഇത് കണ്ട കർഷകന്‍റെ ഭാര്യ, മുമ്പ് ടെലിവിഷൻ പരിപാടിയിൽ കണ്ടത് പോലെ മുറിവിൽ നിന്നും വിഷം സ്വന്തം വായ് കൊണ്ട് വലിച്ചെടുക്കുകയായിരുന്നു. പിന്നാലെ ഭർത്താവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഭാര്യയ്ക്ക് വായ, നാവ്, മുഖം, കൈകാലുകൾ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും മരവിപ്പ് അനുഭവപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിറ്റേ ദിവസം അവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടു. ഇതോടെ ഇവരെയും ഹോംഗെ പ്രിഫെക്ചർ നമ്പർ 3 പീപ്പിൾസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ദമ്പതികൾക്ക് ഒരു പ്രാദേശിക ഇനം മൂർഖൻ പാമ്പിന്‍റെ വിഷബാധയേറ്റതായി കണ്ടെത്തി. തുടർന്ന് ഇരുവർക്കും ആന്‍റിവെനം സെറം കുത്തിവയ്പ്പുകളും മറ്റ് വൈദ്യചികിത്സകളും നൽകി. മരുന്നുകൾ നൽകിയെങ്കിലും ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ വിദഗ്ദ ചികിത്സയിൽ കഴിഞ്ഞ ഇരുവരും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

'മണ്ടത്തരങ്ങൾ ചെയ്യരുത്'

പാമ്പ് കടിച്ചാൽ വിഷം വലിച്ചെടുക്കണമെന്നത് ഒരു നാടൻ ആശയമാണെന്നും ഇത് തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും യുനാൻ ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാമ്പിന്‍റെ കടിയേറ്റ മുറിവിൽ നിന്നും വായുടെ സഹായത്തോടെ വിഷം വലിച്ചെടുക്കുമ്പോൾ വിഷാംശം വായിലെ മ്യൂക്കോസയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാപ്പിലറികൾ വഴി രക്ഷാപ്രവർത്തകന്‍റെ രക്തത്തിലേക്കും എത്തുന്നു. ഇത് വിഷബാധ ഏൽക്കാനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, പാമ്പുകൾ ചെറിയ മുറിവുകളാണ് അവശേഷിപ്പിക്കുക. ഇതിനാൽ വിഷം ചർമ്മത്തിലെ കലകളിലേക്കോ രക്തപ്രവാഹത്തിലേക്കോ വേഗത്തിൽ അലിഞ്ഞ് ചേരുന്നു. അതിനാൽ വായ് ഉപയോഗിച്ച് വിഷം വലിച്ചെടുക്കുകയെന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അതുപോലെ തന്നെ മുറിവായിൽ നിന്നും രക്തം വാർന്ന് കളയാൻ വേണ്ടി വീണ്ടും അവിടെ മുറിവ് ഉണ്ടാക്കുന്നതും വലിയ അപകടം വിളിച്ച് വരുത്തുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാമ്പ് കടിച്ചാൽ സ്വയം ചികിത്സയോ നാടൻ പ്രയോഗങ്ങൾക്കോ നിൽക്കാതെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.