Asianet News MalayalamAsianet News Malayalam

ഡാമിലെ വെള്ളം വറ്റി; ഇറാഖില്‍ വരള്‍ച്ചയില്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം!

ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. 

Ancient palace emerges from drought-hit Iraq reservoir
Author
Kurdistan, First Published Jun 29, 2019, 4:15 PM IST

കുര്‍ദിസ്ഥാന്‍: വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം.  മൊസുള്‍ ഡാമിലാണ് വരള്‍ച്ചയെ തുടര്‍ന്ന് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മിതാനി സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു. 

നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

Ancient palace emerges from drought-hit Iraq reservoir

ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു.   പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെയെന്നും അവര്‍ വ്യക്തമാക്കി. 

Ancient palace emerges from drought-hit Iraq reservoir

പുരാതന കാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്ന സംവിധാനവും ഇവിടെ നിന്ന് ലഭിച്ചു. മണ്‍ കട്ടകളില്‍ എഴുതിയ ലിപി വിവര്‍ത്തനം ചെയ്യാന്‍ ജെര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആ എഴുത്തുകള്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് പുല്‍ജിസ് പ്രത്യാശ പ്രകടിപ്പിച്ചു. 

അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെ 2010ലാണ് കുമെനെയെ കുറിച്ച് ഗവേഷകര്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ വരള്‍ച്ചയോടെ അണക്കെട്ടിലെ വെള്ളം പൂര്‍ണ്ണമായുപം വറ്റിയ ഈ സമയത്താണ് തങ്ങള്‍ക്ക് പഠനം നടത്താനായതെന്നും പുല്‍ജിസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios