Asianet News MalayalamAsianet News Malayalam

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം, ലാവ പ്രവഹിക്കുന്നത് മൂന്ന് കിലോമീറ്റർ നീളമുള്ള വിള്ളലിലൂടെ

ഇതിനോടകം സംഭവിച്ചതിൽ ഏറ്റവും ശക്തമായതാണ് നിലവിലെ അഗ്നിപർവ്വത സ്ഫോടനം. പടിഞ്ഞാറ്, തെക്ക് ഭാഗത്തേക്കായി ആണ് ലാവാ പ്രവാഹം ആരംഭിച്ചിരിക്കുന്നത്. ലാവാപ്രവാഹം കടൽ വരെ എത്താനുള്ള സാധ്യതകളെ അവഗണിക്കാനാവില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

another volcanic eruption on the Reykjanes Peninsula of Iceland the fourth since December etj
Author
First Published Mar 17, 2024, 11:01 AM IST

ഗ്രിൻഡാവിക്: ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. ഡിസംബറിന് ശേഷം ഇത് നാലാം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. 2.9 കിലോമീറ്റർ നീളമുള്ള വിള്ളലാണ് തെക്കൻ ഐസ്ലൻഡിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലും ഇതേ പ്രദേശത്താണ് വിള്ളലുണ്ടായത്. റെയ്ക്ജേൻസ് പെനിസുലയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമായതാണ് ഈ പൊട്ടിത്തെറിയെന്നാണ് നിരീക്ഷണം. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകളെ ഒഴിവാക്കിയ പടിഞ്ഞാറൻ മേഖലയിലെ ചെറുപട്ടണമായ ഗ്രിൻഡാവിക്ക് വരേയും ലാവ പ്രവാഹം എത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഇതിന് പരിസരത്തുള്ള ബ്ലൂ ലഗൂൺ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ആളുകളെ മാറ്റിയിരിക്കുകയാണ്. ഐസ്ലാൻഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബ്ലൂ ലഗൂൺ. വലിയ രീതിയിൽ പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ഐസ്ലാൻഡിലേക്കുള്ള വിമാന സർവ്വീസുകളെ അഗ്നി പർവ്വത സ്ഫോടനം ബാധിച്ചിട്ടില്ല. ഐസ്ലാൻഡ് സിവിൽ ഡിഫൻസ് സർവ്വീസ് അധികൃതർ വിശദമാക്കുന്നത് അനുസരിച്ച് ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് സ്ഫോടനം ആരംഭിച്ചത്. നേരത്തെ ഡിസംബർ 8നും സ്ഫോടനമുണ്ടായത് സമാനമായ രീതിയിലായിരുന്നു. 

ലാവാ പ്രവാഹ മേഖലയിൽ ഹെലികോപ്ടർ ഉപയോഗിച്ച് സന്ദർശിച്ച ജിയോ ഫിസിസ്റ്റുകളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇതിനോടകം സംഭവിച്ചതിൽ ഏറ്റവും ശക്തമായതാണ് നിലവിലെ അഗ്നിപർവ്വത സ്ഫോടനം. പടിഞ്ഞാറ്, തെക്ക് ഭാഗത്തേക്കായി ആണ് ലാവാ പ്രവാഹം ആരംഭിച്ചിരിക്കുന്നത്. ലാവാപ്രവാഹം കടൽ വരെ എത്താനുള്ള സാധ്യതകളെ അവഗണിക്കാനാവില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഇത്തരത്തിൽ ലാവ കടലിലെത്തിയാൽ വലിയ രീതിയിൽ പല രീതിയിലുള്ള വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് എത്താനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

നേരത്തെ ജനുവരിയിലുണ്ടായ സ്ഫോടനത്തിൽ ലാവ പൊട്ടി ഒഴുകിയതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലെ വീടുകൾ കത്തിനശിച്ചിരുന്നു.  ഈ മേഖലയിൽ നിന്ന് മുന്നറിയിപ്പിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ  വൻ ദുരന്തമാണ് ഒഴിവായത്. ഡിസംബറിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ഐസ്ലാന്‍റിൽ അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios