ടെഹ്‌റാന്റെ മധ്യഭാഗത്തുള്ള വിസ്തൃതമായ ഇമാം ഹുസൈൻ ചത്വരത്തിൽ മാത്രം നൂറിലധികം ദമ്പതികൾ ഒരേസമയം വിവാഹിതരായെന്നാണ് റിപ്പോർട്ട്
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച ദമ്പതികൾക്കായി സമൂഹ വിവാഹവുമായി ഇറാൻ. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാന്റെ ഔദ്യോഗിക സ്പോൺസർഷിപ്പിൽ ഈ വിപുലവുമായ ചടങ്ങുകൾ നടന്നതെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ടെഹ്റാനിലെ തലസ്ഥാനത്തെ വിവിധ പ്രമുഖ പൊതുചത്വരങ്ങളിലായി നൂറുകണക്കിന് ദമ്പതികൾ സമൂഹ വിവാഹത്തിന്റെ ഭാഗമായി. ടെഹ്‌റാന്റെ മധ്യഭാഗത്തുള്ള വിസ്തൃതമായ ഇമാം ഹുസൈൻ ചത്വരത്തിൽ മാത്രം നൂറിലധികം ദമ്പതികൾ ഒരേസമയം വിവാഹിതരായെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. യുദ്ധകാലത്ത് ജനങ്ങളുടെയും സൈന്യത്തിന്റെയും മനോവീര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ചടങ്ങുകൾ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വൻ വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ താൽക്കാലികവും അസ്ഥിരവുമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പുതിയ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് ഈ സമൂഹവിവാഹം അരങ്ങേറിയത്. യുദ്ധത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനായി വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കുന്നത് ഉൾപ്പെടെയുള്ള അപകടകരമായ ദൗത്യങ്ങളിൽ ഏർപ്പെടാനും സ്വന്തം ജീവൻ പണയം വെക്കാനും സന്നദ്ധത പ്രകടിപ്പിച്ചവരാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുടങ്ങിയ രാജ്യത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ജാൻ-ഫദ എന്ന പദ്ധതിയിൽ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നത്.
വിവാഹ ചടങ്ങിനായി ദമ്പതികൾ എത്തിയത് മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച സൈനിക ജീപ്പുകളിലായിരുന്നു. പൂക്കളും പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളും നൽകിയ ഈ സൈനിക വാഹനങ്ങളിലിരുന്ന് ദമ്പതികൾ റോഡിലൂടെ നീങ്ങുന്നതിന്റെയും, തുടർന്ന് വലിയൊരു വേദിയിൽ വെച്ച് മതപുരോഹിതന്റെ സാന്നിധ്യത്തിൽ വിവാഹിതരാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദമ്പതികൾക്ക് കാലാഷ്നികോവ് അടക്കമുള്ള തോക്കുകൾ ഉപയോഗിക്കാനും വിവാഹ വേദിയിൽ പരിശീലനം നൽകിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ബലൂണുകൾ കൊണ്ടും രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയുടെ വലിയ ചിത്രങ്ങൾ കൊണ്ടും അലങ്കരിച്ച വേദിയിലായിരുന്നു പ്രധാന ചടങ്ങുകൾ നടന്നത്. യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആ പദവിയിലേക്ക് ഉയർന്ന മുജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ എത്തിയിട്ടില്ല.


