പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീർ അമേരിക്കൻ സന്ദർശനത്തിനിടെ ധാതുക്കളുടെ സാമ്പിളുകൾ നൽകിയതിനെതിരെ രാജ്യത്ത് രൂക്ഷ വിമർശനം. കരസേനാ മേധാവി ഒരു വിൽപനക്കാരനെപ്പോലെ പെരുമാറിയെന്നും ഇത് ജനാധിപത്യത്തിന് നാണക്കേടാണെന്നും പാർലമെന്റിൽ വിമർശനമുയർന്നു.
ഇസ്ലാമാബാദ്: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മൂന്ന് തവണ അമേരിക്കയിലെത്തിയ പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ സ്വന്തം രാജ്യത്തു നിന്ന് വിമർശനം. ഏറ്റവും ഒടുവിലെ സന്ദർശനത്തിനിടെ പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിൾ അടങ്ങിയ പെട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ തുറന്നതാണ് രാഷ്ട്രീയ കോളിളക്കത്തിന് കാരണം. രാഷ്ട്രീയമായി പാകിസ്ഥാന് നാണക്കേടായി മാറിയ പ്രവൃത്തി എന്നാണ് പാർലമെന്റിൽ ഉയർന്ന വിമർശനം.
സെനറ്റർ ഐമൽ വലി ഖാൻ പാർലമെന്‍റിൽ പറഞ്ഞത് അസിം മുനീർ ഒരു "വിൽപനക്കാരനെപ്പോലെ" പെരുമാറി എന്നാണ്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് "നാടകീയ രംഗം കാണുന്ന ഒരു മാനേജരെപ്പോലെ" നോക്കി നിന്നുവെന്നും വിമർശിച്ചു. കരസേനാ മേധാവി എന്ത് അധികാരത്തിലാണ് വിദേശ നേതാക്കളുമായി ചർച്ച നടത്തുന്നതെന്നും ഭരണഘടനയോടും പാർലമെന്റിനോടുമുള്ള അവഹേളനമാണ് ഇതെന്നും സെനറ്റർ പറഞ്ഞു.
"ഇത് സൈനിക സ്വേച്ഛാധിപത്യമാണ്, ജനാധിപത്യമല്ല," എന്ന് ഖാൻ രോഷത്തോടെ പറഞ്ഞു. നേതാക്കൾ നടത്തേണ്ട നയതന്ത്ര ഇടപെടലുകൾ എന്തുകൊണ്ടാണ് അസിം മുനീർ നടത്തുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനായി സംയുക്ത പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കൻ, യൂറോപ്യൻ സ്ഥാപനങ്ങളുമായി ധാതു കയറ്റുമതിയും റിഫൈനറി പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ സഹകരണ കരാറുകൾ യുഎസും പാകിസ്ഥാനും പ്രഖ്യാപിക്കുന്നതിനിടെയാണ് ഈ വിവാദം ഉടലെടുത്തിരിക്കുന്നത്. ഈ കരാറുകളെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വഴിയായി സർക്കാർ വിലയിരുത്തുമ്പോൾ, കരസേനാ മേധാവി ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ദുർബലമായി ചിത്രീകരിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് വിമർശനം.
പാകിസ്ഥാനിലെ ധാതുക്കളിൽ കണ്ണുവച്ച് അമേരിക്ക
പാകിസ്ഥാനിലെ ഏറ്റവും വലിയ ധാതു ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ ഈ മാസം മിസ്സോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റൽസുമായി പദ്ധതികൾക്കായി ധാരണാപത്രം ഒപ്പുവെച്ചു. പാകിസ്ഥാനിൽ ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. പാകിസ്ഥാനിലെ ചെമ്പ്, സ്വർണം, അത്യപൂർവ ധാതുക്കൾ, മറ്റ് ധാതു വിഭവങ്ങൾ എന്നിവയെക്കുറിച്ച് യുഎസ് സ്ട്രാറ്റജിക് മെറ്റൽസ്, മോട്ട-എൻജിൽ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധി സംഘവുമായി ഷഹബാസ് ഷെരീഫ് ചർച്ച നടത്തിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ധാതു സംസ്കരണ ശേഷി വർദ്ധിപ്പിക്കാനും, ഖനനവുമായി ബന്ധപ്പെട്ട വൻകിട പദ്ധതികൾ ഏറ്റെടുക്കാനും ഇരു ഗ്രൂപ്പും സന്നദ്ധത പ്രകടിപ്പിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാന് ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ട് എന്ന് ഷഹബാസ് ഷെരീഫ് നേരത്തെ അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം പാകിസ്ഥാന്‍റെ നീണ്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എങ്കിലും പാകിസ്ഥാന്റെ ധാതു സമ്പത്തിന്റെ ഭൂരിഭാഗവും ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി വാദിക്കന്നവർ വിദേശ സ്ഥാപനങ്ങൾ പ്രകൃതി വിഭവങ്ങൾ ഖനനം ചെയ്യുന്നതിനെ എതിർക്കുന്നു.
