അതിർത്തി സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നതോ പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ പരിധിയിലുള്ളതോ ആയ സ്ഥാപനങ്ങളുടെ സുരക്ഷ ഇന്ത്യ നിരന്തരം വിലയിരുത്തുന്നു.

ദില്ലി: ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിക്ക് പിന്നാലെ ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് റിഫൈനറി സമുച്ചയമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ലക്ഷ്യം വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുമായി സൈനിക സംഘർഷമുണ്ടായാൽ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് പാക് സൈനിക തലവന്റെ ഭീഷണി. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഒരു ഔപചാരിക അത്താഴ വിരുന്നിൽ സംസാരിക്കവേ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. 

അതിർത്തി സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നതോ പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ പരിധിയിലുള്ളതോ ആയ സ്ഥാപനങ്ങളുടെ സുരക്ഷ ഇന്ത്യ നിരന്തരം വിലയിരുത്തുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളിൽ നിന്ന് ഇത്തരം സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച് ആർഐഎൽ റിഫൈനറിക്ക് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുമ്പ് പ്രത്യേക റിപ്പോർട്ടുകൾ നൽകിയിരുന്നു. 

ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ പ്രതീകമെന്ന നിലയ്ക്കാണ് മുകേഷ് അംബാനിയെ മുനീർ ഭീഷണിപ്പെടുത്തുന്നതെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച എണ്ണ ശുദ്ധീകരണ ശാലയാണ് ജാംനഗറിൽ സ്ഥിതി ചെയ്യുന്നത്. വാർഷിക ശേഷി 33 ദശലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 12ശതമാനവും കൈകാര്യം ചെയ്യുന്നത് ജാംന​ഗറിലെ റിലയൻസ് റിഫൈനറിയിലാണ്.

നേരത്തെ, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയെയും പാകിസ്ഥാനെയും ഉപമിച്ച പാക് സൈനിക മേധാവി അസിം മുനീറിന്‍റെ പ്രസ്താവന വൈറലായിരുന്നു. ഫ്ലോറിഡയിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യയെ തിളങ്ങുന്ന മെഴ്സിഡസിനോടും പാകിസ്ഥാനെ ചരല്‍ നിറച്ച ട്രക്കിനോടുമാണ് അസിം മുനീര്‍ ഉപമിച്ചത്. സാഹചര്യം വിശദീകരിക്കാൻ ഞാൻ ഒരുക്രൂരമായ ഉപമ ഉപയോഗിക്കാൻ പോകുന്നുവെന്നും ഫെറാരി പോലുള്ള ഒരു ഹൈവേയിൽ ഇന്ത്യ തിളങ്ങുന്ന മെഴ്‌സിഡസാണെന്നും പാകിസ്ഥാന്‍ ചരൽ നിറഞ്ഞ ഒരു ഡംപ് ട്രക്കാണന്നും ട്രക്ക് കാറിൽ ഇടിച്ചാൽ, ആരാണ് പരാജയപ്പെടുകയെന്നും അസിം മുനീര്‍ ചോദിച്ചു.