ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരെ അമേരിക്ക അന്യായമായി പ്രവർത്തിക്കുകയാണെന്നാണ് ഇന്ത്യൻ നിലപാട്.

ദില്ലി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ നീക്കവുമായി ഇന്ത്യ. തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ നിന്ന് ട്രംപ് പിന്മാറിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. അലുമിനിയം, സ്റ്റീൽ എന്നിക്ക് ഫെബ്രുവരി മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ജൂണിൽ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇതുകാരണം 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരെ അമേരിക്ക അന്യായമായി പ്രവർത്തിക്കുകയാണെന്നാണ് ഇന്ത്യൻ നിലപാട്. യുഎസിന്റെ ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികൾക്ക് മറുപടി നൽകാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കേന്ദ്രം വീക്ഷിക്കുന്നു. യുഎസ് ഇന്ത്യയിലേക്ക് 45 ബില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. താരിഫ് വർധനക്ക് മുമ്പ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 86 ബില്യൺ ഡോളറായിരുന്നു.

ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി വർധിപ്പിക്കുമെന്നും സമഗ്രമായ ചർച്ചകൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ തില മേഖലകളിൽ ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന ആവശ്യത്തെ തുടർന്ന് ചർച്ചകൾ സ്തംഭിച്ചു. അതോടൊപ്പം റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക നികുതി ചുമത്താനും യുഎസ് തീരുമാനിച്ചു. 

ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രശ്നം പരിഹരിക്കുന്നത് വരെ വ്യാപാര കരാർ ചർച്ച വേണ്ടെന്നാണ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. 2024-25 ൽ യുഎസ് ഇന്ത്യയിലേക്ക് 13.62 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ്, കെമിക്കൽസ്, മറ്റ് വസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്തു. 2024-ൽ ഇന്ത്യയിലേക്കുള്ള യുഎസ് സേവന കയറ്റുമതി ഏകദേശം 16 ശതമാനം ഉയർന്ന് 41.8 ബില്യൺ ഡോളറിലെത്തി.