ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെയുണ്ടായ കൂട്ടവെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ കൂട്ടവെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ന്യൂസ് എയു റിപ്പോർട്ട് ചെയ്തു. തോക്കുധാരികളിൽ ഒരാൾ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റൊരാൾ വെടിയേറ്റ നിലയിൽ കസ്റ്റഡിയിലാണ്. പ്രദേശത്ത് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അധികൃതർ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
തോക്കുധാരികൾ ഒന്നിലേറെ തോക്കുകൾ ഉപയോഗിച്ച് ഒരേ സമയം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഉടൻ സ്ലത്ത് പാഞ്ഞെത്തി. ഹെലികോപ്റ്ററുകൾ, തീവ്രപരിചരണ പാരാമെഡിക്കുകൾ, പ്രത്യേക ഓപ്പറേഷൻ ടീമുകൾ എന്നിവയുൾപ്പെടെ 26 യൂണിറ്റുകളെ വിന്യസിച്ചു. പരിക്കേറ്റവർക്ക് സംഭവ സ്ഥലത്തു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സെന്റ് വിൻസെന്‍റ്സ്, റോയൽ പ്രിൻസ് ആൽഫ്രഡ്, സെന്‍റ് ജോർജ്ജ് തുടങ്ങിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവം എന്നാണ് പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വിശേഷിപ്പിച്ചത്. പൊലീസ് നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ജൂത ആഘോഷമായ ഹാനക്കയ്ക്കിടെയാണ് ആക്രമണം നടന്നതെന്ന് ഓസ്‌ട്രേലിയൻ ജൂറി എക്‌സിക്യൂട്ടീവ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് റൈവ്‌ചിൻ സ്ഥിരീകരിച്ചു.
സിഡ്‌നിയുടെ കിഴക്കൻ തീരത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബോണ്ടി ബീച്ച്. ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന സ്ഥലമാണിത്. ആരാണ് അക്രമികളെന്നോ എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്നോ നിലവിൽ വ്യക്തമല്ല.
