സിഡ്‌നിയിൽ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: സിഡ്‌നിയിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
'താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകർന്നതായി' മൂന്ന് മാസം മുമ്പ് താൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു- ഓസ്ട്രേലിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസിന് അയച്ച കത്ത് പരാമർശിച്ച് നെതന്യാഹു പറഞ്ഞു. നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.
കൂട്ടവെടിവയ്പ്പ് ജൂത ആഘോഷത്തിനിടെ
പ്രാദേശിക സമയം വൈകുന്നേരം 6.30ഓടെയാണ് ജൂതരുടെ ഹനൂക്ക ആഘോഷത്തിന്റെ എട്ടാം ദിവസം വെടിവയ്പുണ്ടായത്. 12 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 29 ലേറെ പേർക്ക് പരിക്കേറ്റു. തോക്കുധാരികളിൽ ഒരാൾ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഒന്നിലേറെ തോക്കുകൾ ഉപയോഗിച്ച് ഒരേ സമയം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഉടൻ സ്ലത്ത് പാഞ്ഞെത്തി. ഹെലികോപ്റ്ററുകൾ, തീവ്രപരിചരണ യൂണിറ്റുകൾ, പ്രത്യേക ഓപ്പറേഷൻ ടീമുകൾ എന്നിവയുൾപ്പെടെ 26 യൂണിറ്റുകളെ വിന്യസിച്ചു. പരിക്കേറ്റവർക്ക് സംഭവ സ്ഥലത്തു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സെന്റ് വിൻസെന്‍റ്സ്, റോയൽ പ്രിൻസ് ആൽഫ്രഡ്, സെന്‍റ് ജോർജ്ജ് തുടങ്ങിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവം എന്നാണ് പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വിശേഷിപ്പിച്ചത്. പൊലീസ് നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. അതിനിടെ പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ് അക്രമത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 24കാരനായ നവീദ് അക്രമാണ് അക്രമി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


