Asianet News MalayalamAsianet News Malayalam

സമോസയുണ്ടാക്കി മോദിയെ ടാഗ് ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; പുതിയ നയതന്ത്രത്തിന് തുടക്കം

ഓസ്‌ട്രേലിയയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ചൈനയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം വഷളായ സാഹചര്യത്തിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
 

Australian PM cook Samosa, wishes to share with PM Modi
Author
New Delhi, First Published May 31, 2020, 1:22 PM IST

ദില്ലി: സ്വന്തമായി സമോസയുണ്ടാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. സ്‌കൊമോസ എന്ന പേരിലാണ് അദ്ദേഹം ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സമോസ നരേന്ദ്രമോദിയുമായി പങ്കുവെക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സമോസക്കൊപ്പം മാങ്ങാ ചട്‌നിയും അദ്ദേഹം തയ്യാറാക്കി. ജൂണ്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് മോദി വിദേശ രാജ്യതലവനുമായി കൂടിക്കാഴ്ച നടത്തുന്നത്. ഓസ്‌ട്രേലിയയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ചൈനയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം വഷളായ സാഹചര്യത്തിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. കൊവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഓസ്‌ട്രേലിയ രംഗത്തെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. 

സ്‌കോട്ട് മോറിസണുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര ബന്ധങ്ങളും ചര്‍ച്ചയാകും. മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറിലെത്താന്‍ സാധ്യതയുണ്ട്. ചൈന ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്. ചൈനീസ് വിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്ന ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളുടെ പ്രതിസന്ധി ഒഴിവാക്കാനും സഹായം തേടും. 

നേരത്തെ ജനുവരി ഒന്നിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ സ്‌കോട്ട് മോറിസണ് തീരുമാനിച്ചിരുന്നു. എന്നാല്‍, കാട്ടുതീ വ്യാപനത്തോടെ സന്ദര്‍ശനം മേയിലേക്ക് മാറ്റി. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സന്ദര്‍ശനം നടക്കാതെ വന്നതോടെയാണ് വീഡിയോ കൂടിക്കാഴ്ച നടത്തുന്നത്.
 

Follow Us:
Download App:
  • android
  • ios