Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി നാലുദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

സൗത്ത് വെയില്‍സിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസൺ സന്ദർശനം റദ്ദാക്കിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 

Australian PM's India visit cancelled due to bushfires
Author
Sydney NSW, First Published Jan 3, 2020, 10:01 PM IST

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വ്യാപകമായ കാട്ടുതീയെ തുടര്‍ന്ന് ഒസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നാലുദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസൺ സന്ദർശനം റദ്ദാക്കിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 13 മുതൽ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദർശനം ക്രമീകരിച്ചിരുന്നത്. ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചർച്ചയും മോറിസന്‍റെ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു.

ദില്ലിയെ കൂടാതെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ മേഖലകളിലാണ് തീ പടർന്നു പിടിച്ചത്. അഞ്ഞൂറോളം വീടുകളും കത്തിയമർന്നു. ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് കാട്ടുതീക്ക് വഴിവയ്ക്കുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീപ്പോള്‍ എന്ന കാലാവസ്ഥ സംവിധാനമാണ് ഉയര്‍ന്ന താപനിലയുടെ പ്രധാന കാരണം. സെപ്റ്റംബര്‍ മുതലുള്ള തീപിടുത്തത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 1200ലധികം വീടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. 

ശനിയാഴ്ചയോടെ തീപിടുത്തത്തിന്റെ വ്യാപ്തി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് നിരീക്ഷണം. ഇതിനാല്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, റോഡ് അടയ്ക്കല്‍ എന്നീ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് പ്രദേശിക ഭരണകൂടം അറിയിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ രണ്ട് പ്രദേശങ്ങളും നിലവില്‍ അഗ്നിബാധയെ അഭിമുഖീകരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios