ഓവേറിയൻ ക്യാൻസറാണെന്ന വിവരം മക്കളെ അറിയിക്കാൻ ഉപദേശം വേണമെന്നും ഇനി ഒരിക്കലും ഇത്തരമൊരു കൂടിച്ചേരൽ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വിശദമാക്കിയാണ് എറിൻ കൊല്ലപ്പെട്ടവരെ ഭക്ഷണത്തിന് ക്ഷണിച്ചത്. 

സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ വിഷക്കൂൺ കൊലപാതകത്തിൽ വിചാരണ തുടങ്ങി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എറിൻ പാറ്റേഴ്സൺ കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാക്കുന്നതാണ് വിചാരണയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട എറിന്റെ മുൻ ഭർത്താവാണ് കേസിലെ പ്രധാന സാക്ഷി. ഓവേറിയൻ ക്യാൻസറാണെന്ന വിവരം മക്കളെ അറിയിക്കാൻ ഉപദേശം വേണമെന്നും ഇനി ഒരിക്കലും ഇത്തരമൊരു കൂടിച്ചേരൽ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വിശദമാക്കിയാണ് എറിൻ ഇരകളെ ഭക്ഷണത്തിന് ക്ഷണിച്ചത്. 

കൂടിക്കാഴ്ചയ്ക്ക് എത്താനാവില്ലെന്ന് അറിയിച്ച മുൻ ഭർത്താവിനോട് വരണമെന്ന് നിർബന്ധിക്കുന്ന സന്ദേശത്തിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ വിവരം കൃത്യമായി പറയുന്നുണ്ട്. അതിഥികൾക്ക് പ്രത്യേക വിഭവം നൽകിയ പാത്രത്തിന്റെ നിറ വ്യത്യാസം അടക്കം കൂട്ടക്കൊലയുടെ പ്ലാനിംഗിലെ വിശദമായ സൂചനയാണ് നൽകുന്നതെന്നാണ് പ്രോസിക്യൂട്ടർ വിശദമാക്കുന്നത്. സാധാരണ നിലയിൽ നടക്കുന്ന കൂടിക്കാഴ്ചയല്ലായിരുന്നു നടന്നത്. എറിൻ ക്യാൻസർ വിവരം പറഞ്ഞാണ് ഇരകളെ ഭക്ഷണത്തിനായി എത്തിച്ചത്. ബീഫ് വെല്ലിംഗ്ടൺ, ഐ ഫില്ലറ്റ് സ്റ്റീക്ക്, പേസ്ട്രി എന്നിവയായിരുന്നു ഭക്ഷണത്തിനായി എറിൻ തയ്യാറാക്കിയിരുന്നത്. മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും ആണ് വിഷം അടങ്ങിയ ഭക്ഷണം കഴിച്ച് മരിച്ചത്. 

വിവാഹ മോചനം സൌഹൃദപരമായി ആയിരുന്നുവെന്ന് വാദിക്കുന്ന 49കാരി മുൻ ഭർത്താവിനെ മൂന്ന് വർഷത്തിനുള്ളിൽ നാല് തവണയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂലൈ 29നായിരുന്നു മുൻ ഭർത്താവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമായി എറിൻ വിരുന്നൊരുക്കിയത്. അതീവ അപകടകാരിയായ ക്യാപ് മഷ്റൂം ഉപയോഗിച്ചാണ് 49കാരി ബീഫ് വിഭവം തയ്യാറാക്കിയത്. ഇത് അകത്തെത്തിയാണ് മൂന്ന് പേർ മരിച്ചത്. ഓഗസ്റ്റ് നാലിനും അഞ്ചിനുമാണ് എറിൻ നൽകിയ ഭക്ഷണം കഴിച്ച മുൻ ഭർത്താവിന്റെ ബന്ധുക്കൾ മരിച്ചത്. കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നവംബർ 2നാണ് എറിനെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസും കൊലപാതക ശ്രമവുമാണ് 49കാരിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. 

2002വരെ വരെ മെല്‍ബണില്‍ എയർട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന എറിന്‍ വിവാഹ മോചനത്തിന് ശേഷം കുട്ടികള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം