1965 മുതല്‍ 2005 വരെ നീണ്ട 40 വര്‍ഷക്കാലം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇതിന്‍റെ ഫലമായി തൊണ്ണൂറുകളില്‍ പാകിസ്ഥാനിലെ സിനിമാവ്യവസായം നിര്‍ജീവാവസ്ഥയിലെത്തി.
ഇസ്‌ലാമബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തിനും ബാലാകോട്ടിലെ തിരിച്ചടിക്കും ശേഷം ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും ടി വി ഷോകള്‍ക്കും പരസ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് പാക്കിസ്ഥാന് തിരിച്ചടിയാവുന്നു. ബാലാകോട്ടിലെ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും പാക്ക് കോടതി നിരോധനമേര്‍പ്പെടുത്തുകയായിരുന്നു.
പാക്കിസ്ഥാനിലെ സിനിമാ സംഘടനകളാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് പാക്കിസ്ഥാന്‍ സുപ്രീം കോടതി ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ സാമ്പത്തികമായി പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാനിലാകെ ഉള്ളത് 120 തിയറ്ററുകളാണ്. ഇതില്‍ 60 ശതമാനവും ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പാക്കിസ്ഥാനിലെ സിനിമാ വ്യവസായം നേടുന്ന വരുമാനത്തിന്‍റെ 70 ശതമാനവും ഇന്ത്യന്‍ സിനിമകളില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ സിനിമകള്‍ കഴിഞ്ഞാല്‍ പിന്നെ തിയേറ്ററുകളില്‍ നേട്ടമുണ്ടാക്കുന്നത് ഹോളിവുഡ് സിനിമകളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ നിരോധനം ഇന്ത്യയെക്കാളേറെ പാകിസ്ഥാന് തന്നെയാകും ദോഷം ചെയ്യുക. ബോളിവുഡിന്‍റെ സഹായമില്ലാതെ പാക്കിസ്ഥാനിലെ സിനിമാരംഗത്തിന് അതിജീവിക്കാനാകില്ലെന്ന് ചുരുക്കം.
പ്രതിവര്‍ഷം 12 മുതല്‍ 15 സിനിമകള്‍ വരെയേ പാക്കിസ്ഥാനില്‍ നിര്‍മിക്കപ്പെടാറുള്ളു. അവ ബോക്സോഫീസില്‍ ശ്രദ്ധിക്കപ്പെടുന്നത് വളരെ അപൂര്‍വമാണ്. ശരാശരി രണ്ടാഴ്ച മാത്രമേ ഒരു പാക്കിസ്ഥാനി സിനിമ അവിടുത്തെ തിയേറ്ററുകളില്‍ ഓടാറുള്ളു. അതായത് പാക്കിസ്ഥാനിലെ തിയേറ്ററുകള്‍ക്ക് ലാഭമുണ്ടാക്കണമെങ്കില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 26 സിനിമകളെങ്കിലും രാജ്യത്തിനകത്ത് സ്വന്തമായി നിര്‍മിക്കേണ്ടി വരും.
ഇതാദ്യമായല്ല പാക്കിസ്ഥാനില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. 1965 മുതല്‍ 2005 വരെ നീണ്ട 40 വര്‍ഷക്കാലം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇതിന്‍റെ ഫലമായി തൊണ്ണൂറുകളില്‍ പാകിസ്ഥാനിലെ സിനിമാവ്യവസായം നിര്‍ജീവാവസ്ഥയിലെത്തി. പിന്നീട് നിരോധനം നീക്കിയ ശേഷമാണ് സിനിമാ വ്യവസായത്തിന് വീണ്ടും ഉണര്‍വുണ്ടായത്.
പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കളെ ബോളിവുഡില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ സിനിമാ - സീരിയല്‍ സംഘടനകള്‍ തീരുമാനിച്ചതും പാക്കിസ്ഥാന് തിരിച്ചടി ആയിരുന്നു. ഹിന്ദുസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പാക്കിസ്ഥാനി നടന്‍ ഫവദ് ഖാന്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല.
തിയേറ്ററുകളില്‍ സിനിമകളെത്തില്ലെങ്കിലും നെറ്റ്ഫ്ളിക്സ്, യുട്യൂബ് പോലുള്ള സ്ട്രീമിങ് സൈറ്റുകളിലൂടെ പാക്കിസ്ഥാനിലുള്ളവര്‍ക്ക് ഇന്ത്യന്‍ സിനിമകള്‍ കാണാം. വരുംദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വ്യാജപതിപ്പുകളെ പാക്ക് ജനത കൂടുതല്‍ ആശ്രയിക്കുകയും ചെയ്യും. അതിനാല്‍, ഇപ്പോഴത്തെ നിരോധനം എത്രയും പെട്ടെന്ന് നീക്കുമെന്ന പ്രതീക്ഷയിലാണ് പാക്ക് സിനിമാ വ്യവസായ വൃത്തങ്ങള്‍.
