ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ കൂറ്റൻ റാലികൾ. തീവ്ര ഹിന്ദുത്വ സംഘടന’ എന്നാണ് അവർ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിനെ (ഇസ്‌കോൺ) വിശേഷിപ്പിച്ചത്.

ധാക്ക: ബം​ഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധാക്ക, ചിറ്റ​ഗോങ് ന​ഗരങ്ങളിലാണ് ഇസ്ലാമിക സംഘടനകൾ പ്രതിഷേധം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹെഫാസത്ത്-ഇ-ഇസ്ലാം, ഇൻതിഫാദ ബംഗ്ലാദേശ് തുടങ്ങിയ തീവ്ര സംഘടനകൾ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തി. ‘തീവ്ര ഹിന്ദുത്വ സംഘടന’ എന്നാണ് അവർ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിനെ (ഇസ്‌കോൺ) വിശേഷിപ്പിച്ചത്. മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ, ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു റിട്ട് ഹർജിക്ക് മറുപടിയായി ഇസ്കോണിനെ ‘മത മൗലികവാദ സംഘടന’ എന്ന് വിശേഷിപ്പിച്ചിരുന്നു. 

ഇസ്‌കോൺ അംഗം കൃഷ്ണ ദാസ് പ്രഭുവിനെ തടവിലാക്കിയതും ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കും ഇസ്‌കോൺ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. ഇസ്‌കോൺ ഒരു ഹിന്ദു സംഘടനയല്ലെന്നും ജൂതന്മാർ സൃഷ്ടിച്ച തീവ്രവാദ സംഘടനയാണെന്നും ഇന്ത്യാ വിരുദ്ധ തീവ്രവാദിയും അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൻസറുല്ല ബംഗ്ലാ ടീം (എബിടി) മേധാവിയുമായ ജാസിമുദ്ദീൻ റഹ്മാനി പറഞ്ഞതായി ധാക്ക ആസ്ഥാനമായുള്ള ബംഗ്ലാ ദിനപത്രമായ ദേശ് രൂപാന്തോർ റിപ്പോർട്ട് ചെയ്തു. 

ഇസ്‌കോൺ ഇസ്രായേലി രീതികൾ പിന്തുടർന്ന്, ക്ഷേത്രങ്ങളുടെ പേരിൽ രാജ്യത്തുടനീളം ഒന്നിനുപുറകെ ഒന്നായി സ്ഥാപനങ്ങൾ നിർമ്മിച്ചുവെന്നും, ദുർബലരായ സനാതൻ സമുദായാംഗങ്ങളെ അടിച്ചമർത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു. 2024 ഓഗസ്റ്റിൽ ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഇസ്‌കോൺ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരുന്നു. നിരവധി ഇസ്‌കോൺ ക്ഷേത്രങ്ങളും കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുകയും ബംഗ്ലാദേശിലെ ഒരു പ്രമുഖ ഹിന്ദു നേതാവായ കൃഷ്ണ ദാസ് പ്രഭു ജയിലിലാകുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ മുൻ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ 17 ഇസ്‌കോൺ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്‌ഐയു) മരവിപ്പിച്ചിരുന്നു.