50 വളകളിൽ 30-ൽ അധികവും ഉടഞ്ഞുപോയതായി കടയുടമയായ ചെങ് പിന്നീട് വെളിപ്പെടുത്തി. ഈ റഷ്യൻ നെഫ്രൈറ്റ് ജേഡ് വളകൾക്ക് ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ നഷ്ടം മുഴുവനും ഉടമയ്ക്ക് തന്നെയായിരുന്നു

ബീജിംഗ്: ചൈനയിലെ ഒരു ആഭരണക്കടയിൽ വെച്ച് ഒരു യുവ ജീവനക്കാരൻ അബദ്ധത്തിൽ ഒരു കോടി 23 ലക്ഷം രൂപ (ഒരു മില്യൺ യുവാൻ) വിലമതിക്കുന്ന ജേഡ് വളകൾ ഉടഞ്ഞുപോയി. മേശ നീക്കി വയ്ക്കുന്നതിനിടെ ആയിരുന്നു സംഭവം. എന്നാൽ, ഇതിനോട് കടയുടമ പ്രതികരിച്ച രീതിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ സംഭവത്തിൽ, കടയിലെ ജീവനക്കാരൻ ഒരു മേശ മാറ്റുന്നതിനിടെ അബദ്ധത്തിൽ ജേഡ് വളകൾ വെച്ചിരുന്ന ബോക്സ് തട്ടി താഴെയിടുന്നതായി കാണാം. വളകൾ തറയിൽ വീണ് ഉടഞ്ഞുപോയെന്ന് മനസ്സിലാക്കിയ ജീവനക്കാരൻ, ഉടഞ്ഞ കഷ്ണങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നതും തളർന്ന് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

50 വളകളിൽ 30-ൽ അധികവും ഉടഞ്ഞുപോയതായി കടയുടമയായ ചെങ് പിന്നീട് വെളിപ്പെടുത്തി. ഈ റഷ്യൻ നെഫ്രൈറ്റ് ജേഡ് വളകൾക്ക് ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ നഷ്ടം മുഴുവനും ഉടമയ്ക്ക് തന്നെയായിരുന്നു. എന്നിട്ടും, ചെങ് നഷ്ടം ജീവനക്കാരനിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചില്ല. എല്ലാവർക്കും തെറ്റുകൾ പറ്റാം, പണത്തേക്കാൾ വലുത് ദയയാണ്, എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നടൻ ടാൻ കായിക്ക് കുറ്റബോധം

സംഭവം നടക്കുമ്പോൾ ചൈനീസ് നടൻ ടാൻ കായി കടയിൽ ഒരു ഉൽപ്പന്ന വീഡിയോയുടെ ചിത്രീകരണത്തിനായി ഉണ്ടായിരുന്നു. നടൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ജീവനക്കാരൻ മേശ മാറ്റിയത്. 6.7 മില്യൺ സോഷ്യൽ മീഡിയ ഫോളോവേഴ്‌സുള്ള ടാൻ കായിക്ക് ഇതേതുടർന്ന് വലിയ കുറ്റബോധം ഉണ്ടായി. താൻ ആവശ്യപ്പെട്ടിരുന്നില്ലെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഉടഞ്ഞുപോയ ജേഡ് എങ്ങനെ വീണ്ടെടുക്കുമെന്നും ഉടമയുടെ നഷ്ടം എങ്ങനെ നികത്തുമെന്നും ആലോചിക്കുകയാണെന്നും ടാൻ പറഞ്ഞു.

ജീവനക്കാരൻ അടുത്തിടെ വിദ്യാഭ്യാസം പൂർത്തിയാക്കിയയാളാണെന്നും കുറച്ച് മാസങ്ങളായി മാത്രമാണ് ഈ കടയിൽ ജോലി ചെയ്യുന്നതെന്നും ചൈനീസ് മാധ്യമമായ ജിമു ന്യൂസ് റിപ്പോർട്ട് ചെയ്തു. അഭിമുഖത്തിൽ, ഉടഞ്ഞ കഷ്ണങ്ങൾ പെറുക്കിയെടുക്കുമ്പോൾ താൻ വളരെയധികം ഭയന്നുപോയിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. ഉടമയുടെ ദയയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, "ചെങ്ങിൻ്റെ ഈ ദയ എൻ്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയാണ് നിലനിര്‍ത്തുന്നത് എന്നും ഉടമയുടെ ഔദാര്യത്തിന് കഠിനാധ്വാനം ചെയ്ത് നന്ദി തിരിച്ചുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.