ഒരേ ഷോയ്ക്ക് അവതാരകനായ ജെറമി വൈനിന് നല്‍കുന്ന വേതനത്തിന്‍റെ ആറിലൊന്ന് മാത്രമാണ് തനിക്ക് നല്‍കുന്നതെന്നും ഇത് ബിബിസിയുടെ നയത്തിന് വിരുദ്ധമാണെന്നുമായിരുന്നു സമീറയുടെ പരാതി.

ലണ്ടന്‍: അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ തലവന്‍ ടോണി ഹാള്‍ ആറ് മാസത്തിനുള്ളില്‍ സ്ഥാനമൊഴിയുന്നു. ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് ടോണി പടിയിറങ്ങുന്നത്. ഉടന്‍ തന്നെ പുതിയ തലവനെ നിയമിക്കുമെന്ന് ഡയറക്ടര്‍ ഡേവിഡ് ക്ലെമന്‍റി പറഞ്ഞു. അവതാരകക്ക് തുല്യ വേതനം നിഷേധിച്ച സംഭവമാണ് ടോണി ഹാളിന്‍റെ സ്ഥാനമൊഴിയലിന് കാരണമായത്. അവതാരക സമീറ അഹമ്മദാണ് തുല്യ വേതനം നിഷേധിച്ചെന്നും ലിംഗ വിവേചനം കാണിച്ചുവെന്നും ആരോപിച്ച് ബിബിസിക്കെതിരെ എംപ്ലോയ്മെന്‍റ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്.

ഒരേ ഷോയ്ക്ക് അവതാരകനായ ജെറമി വൈനിന് നല്‍കുന്ന വേതനത്തിന്‍റെ ആറിലൊന്ന് മാത്രമാണ് തനിക്ക് നല്‍കുന്നതെന്നും ഇത് ബിബിസിയുടെ നയത്തിന് വിരുദ്ധമാണെന്നുമായിരുന്നു സമീറയുടെ പരാതി. കേസില്‍ സമീറക്ക് അനുകൂലമായി ട്രിബ്യൂണല്‍ വിധി പറഞ്ഞു. തുടര്‍ന്ന് 120ഓളം വനിതാ ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തി. ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഹാള്‍ രാജിവെക്കുന്നത്.

സമീറ അഹ്‍മദ്

കഴിഞ്ഞ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ചും 75 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ ടിവി ലൈസൻസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ചും ബിബിസിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഹാള്‍ രാജിവെക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകനും എംപിയുമായ ജൂലിയന്‍ നൈറ്റ് വ്യക്തമാക്കി. എനിക്കുള്ളതെല്ലാം അടുത്ത ആറ് മാസം ഞാന്‍ ഈ സ്ഥാപനത്തിന് നല്‍കും. ഡയറക്ടര്‍ ജനറല്‍ എന്ന പദവിയില്‍ നിന്ന് അടുത്ത വേനലില്‍ ഞാന്‍ പടിയിറങ്ങുകയാണെന്ന് ഹാള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കി. 

ബിബിസി ജീവനക്കാരന്‍ ജിമ്മി സാവിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് ശേഷം, കമ്പനി ആടിയുലഞ്ഞ് നില്‍ക്കവെയാണ് ഹാള്‍ ചുമതലയേല്‍ക്കുന്നത്. പിന്നീട് കമ്പനിയുടെ സല്‍പേര് വീണ്ടെടുത്തു. എന്നാല്‍ വനിതാ ജീവനക്കാരിക്ക് തുല്യവേതനം നിഷേധിച്ചത് വിവാദമായി. തെര‌ഞ്ഞെടുപ്പില്‍ പക്ഷപാതപരമായി കവറേജ് ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബിബിസിയോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.