Asianet News MalayalamAsianet News Malayalam

400 വിദ്യാര്‍ത്ഥികളുടെ വായ്പ അടയ്ക്കുമെന്ന് ശതകോടീശ്വരന്‍; ഏറ്റെടുത്തത് നാല് കോടി ഡോളര്‍

നേരത്തെ 150 ലക്ഷം യു എസ് ഡോളറിന്‍റെ സഹായം മോര്‍ഹൗസ് കോളേജിന് റോബര്‍ട്ട് വാഗ്‍ദാനം ചെയ്തിരുന്നു. 

billionaire pay off 400 students loan worth 4 crore dollar
Author
Washington D.C., First Published May 20, 2019, 9:56 AM IST

വാഷിങ്ടണ്‍: ബിരുദദാന ചടങ്ങിനിടെ 400 വിദ്യാര്‍ത്ഥികളുടെ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍. റോബര്‍ട്ട് എഫ് സ്മിത്ത് എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വ്യവസായിയാണ് അറ്റ്‍ലാന്‍റയിലെ  മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ പൂര്‍ണമായും അടയ്ക്കാമെന്ന് ഉറപ്പ് നല്‍കിയത്. കോളേജ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 

കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായും പഠിക്കുന്ന കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഓണററി ഡിഗ്രി സ്വീകരിക്കാനെത്തിയ സ്മിത്ത് 400 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ മുഴുവനായും കൊടുക്കാമെന്ന് അറിയിച്ചു. ഏകദേശം നാല് കോടി ഡോളറാണ് റോബര്‍ട്ട് ഏറ്റെടുത്തത്. നിറകൈയ്യടികളോടെയാണ് റോബര്‍ട്ടിന്‍റെ പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ വായ്പ അടച്ചു തീര്‍ക്കാന്‍ എന്‍റെ കുടുംബം ഗ്രാന്‍റ് ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് എന്‍റെ വര്‍ഗമാണ്. ഈ തീരുമാനം കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് സഹായമാകും- സ്മിത്ത് പറഞ്ഞു. 

ഏകദേശം 4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് റോബര്‍ട്ടിനുള്ളത്. കോര്‍ണല്‍, കൊളംബിയ എന്നീ സര്‍വ്വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2000-ല്‍ വിസ്റ്റാ ഇക്വിറ്റി പാര്‍ട്‍ണേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു. 2015-ഓടെ റോബര്‍ട്ട് ഏറ്റവും ധനികനായ ആഫ്രിക്കന്‍-അമേരിക്കനായി മാറി.  നേരത്തെ 150 ലക്ഷം യു എസ് ഡോളറിന്‍റെ സഹായം മോര്‍ഹൗസ് കോളേജിന് റോബര്‍ട്ട് വാഗ്‍ദാനം ചെയ്തിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios