പാകിസ്ഥാനിൽ മുസ്ലീം പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്.

പെഷാവർ: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണം 15 ആയി. 56 പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന കോഹത് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചതായും പാകിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ ഭീകരവാദികളെ ലക്ഷ്യമിട്ടു സുരക്ഷാ സേന നടത്തുന്ന നീക്കങ്ങൾക്കിടെ ആണ് ഏറ്റവും പുതിയ ആക്രമണ സംഭവം ഉണ്ടായത്.

പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് പ്രവിശ്യാ പൊലീസ് മേധാവി സുൽഫിക്കർ ഹമീദ് അറിയിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നാലെ സംഭവസ്ഥലത്ത് കനത്ത തോതിൽ പുക ഉയർന്നു.

കൊല്ലപ്പെട്ടവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും 10 നാട്ടുകാരും ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയവരാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പൊലീസ് കോംപൗണ്ടിലേക്ക് ആയുധധാരികളായ രണ്ടം​ഗ സംഘം പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വെടിവെപ്പ് ഉണ്ടായതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ തകർന്ന പള്ളിയുടെ ഉൾപ്പെടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. മരണത്തിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം, രക്ഷാപ്രവ‍ർത്തനം ഊർജിതമാക്കാനും അധികൃതരോട് നിർദേശിച്ചു. സ്ഫോടനത്തെ അപലപിച്ച മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും പരിക്കേറ്റവർക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ എന്ന പാകിസ്ഥാനി താലിബാൻ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഹാം​ഗു ജില്ലയിൽ സുരക്ഷാ സേനയുടെ വാഹനവ്യൂഹനത്തിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ആറ് സൈനിക‍ർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് വീണ്ടും ആക്രമണം ഉണ്ടായത്.

അഫ്​ഗാനിസ്ഥാനോട് ചേ‍ർന്ന പ്രദേശമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ. അ​ഫ്​ഗാനിസ്ഥാനിലെ താലിബാനുമായി അന്തർധാര സജീവമായ പാകിസ്ഥാൻ താലിബാൻ ഏതാനും വർഷമായി പാകിസ്ഥാനിൽ പൊലീസിനെയും നാട്ടുകാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. പാകിസ്ഥാൻ താലിബാന് പിന്നിൽ അഫ്​ഗാനിസ്ഥാനാണെന്ന് പാക് ഭരണകൂടം ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അഫ്​ഗാൻ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.