കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. ഇന്നലെ സിഖ് ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തിലും ഭീകരാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കേണ്ട സ്ഥലത്തിനു സമീപമാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്നലെ രാവിലെ പ്രാദേശികസമയം 7.45നാണ് കാബൂളിൽ ഭീകരാക്രമണം ഉണ്ടായത്. 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നാല് ഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് വിവരം.കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എസ്‌ഐടിഇ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. താലിബാൻ നേരത്തെ തന്നെ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ സിഖുക്കാർക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 

Read Also: കാബൂളിലെ ഗുരുദ്വാര ആക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു, മരണം 27 ആയി...