സുക്രെ: രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്‍റ് ഇമോ മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ ഇമോ മൊറേല്‍സിനെതിരെ ചുമത്തിയിട്ടുണ്ട്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ആര്‍തുറോ മുറില്ലോ ഇക്കാര്യം സ്ഥിരീകരിച്ചു.

മൊറേൽസിനെതിരെ ആഭ്യന്തരമന്ത്രി അർതുറോ മുറില്ലോ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിൽ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങൾക്ക് കാരണമായ ഏറ്റുമുട്ടലുകൾ മുന്‍ പ്രസിഡന്‍റ് ഇമോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു ആരോപണം.

ഒക്ടോബർ 20 ലെ തെരഞ്ഞെടുപ്പിൽ വോട്ടുകൾ കണക്കാക്കുന്നതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്ന് അമേരിക്കൻ സ്റ്റേറ്റ്‌സ് ഓഡിറ്റില്‍ വ്യക്തമായിരുന്നു. സുരക്ഷാ സേനയുടെയും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെയും സമ്മർദ്ദത്തെ തുടര്‍ന്ന് നവംബറിൽ ആയിരുന്നു മോറേല്‍സ് രാജി വച്ചത്. രാജിവച്ച ശേഷം അധികാരമേറ്റ ജീനൈൻ അനസിന്റെ ഇടക്കാല സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ നഗരങ്ങളെ ഉപരോധിക്കാൻ മൊറേൽസ് അനുഭാവികളോട് ഉത്തരവിട്ടതായി അധികൃതർ പറയുന്നു.