ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി  ഇറക്കിയത്. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷാ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിമാനം യാത്ര തുടര്‍ന്നുവെന്ന് എയര്‍ഇന്ത്യ അറിയിച്ചു. 

ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുള്ളതായി ബ്രിട്ടീഷ് വ്യോമസേനയ്കക് വിവരം ലഭിക്കുന്നത്. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു എയര്‍ ഇന്ത്യാ വിമാനം. ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊണിംഗ്സ ബേയിലെ വ്യോമസേനാ താവളത്തില്‍ നിന്നും രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്ത് എത്തി.

വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. പൈലറ്റ് ഇതനുസരിച്ച് വിമാനം ലണ്ടനിലേക്ക് തിരിച്ചു വിട്ടു രണ്ട് യുദ്ധവിമാനങ്ങളും വിമാനത്താവളം വരെ എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയത്ത് താല്‍കാലികമായി മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും നിര്‍ത്തി വച്ചു. ലാന്‍ഡ് ചെയ്ത വിമാനത്തെ ടെര്‍മിനലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള വ്യോമഗതാഗതം വിമാനത്താവള അധികൃതര്‍ പുനസ്ഥാപിച്ചു. 

വിമാനത്തില്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്ഫദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചെന്നാണ് വിവരം. ബോംബ് ഭീഷണി എന്നത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിമാനം തിരികെ നെവാര്‍ക്കിലേക്ക് പുറപ്പെട്ടു. വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. 

എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വ്യോമസനേയുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും  ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട  ചെയ്തു.

രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയെന്നും വിമാനത്താവളത്തിലേയും അന്താരാഷട്ര ടെര്‍മിനലിലേയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്ത എയര്‍ ഇന്ത്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. വിമാനത്തില്‍ ബോംബ് ഭീഷണി  എന്നത് തെറ്റായ വാര്‍ത്തായായിരുന്നുവെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം നെവാര്‍ക്കിലേക്ക് വീണ്ടും പുറപ്പെട്ടതായും എയര്‍ ഇന്ത്യ പിന്നീട് അറിയിച്ചു. 

യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്നത് ബ്രിട്ടനിലെ ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളില്‍ ആശങ്ക ജനിപ്പിച്ചതായി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സോണിക് ബൂമിന് തുല്യമായ അവസ്ഥ യുദ്ധവിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്നുണ്ടായെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലണ്ടനും കടന്ന് അയര്‍ലന്‍ഡിന് സമീപം എത്തിയ വിമാനം അവിടെ നിന്നും പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ചു വിടുകയായിരുന്നുവെന്നാണ് വിമാനത്തിന്‍റെ റഡാര്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.