Asianet News MalayalamAsianet News Malayalam

കടമ്പകള്‍ എല്ലാം പൂര്‍ത്തിയായി; ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയനില്‍ നിന്ന് പുറത്ത്

യൂറോപ്യൻ യൂണിയനുമായുള്ള 47 വർഷത്തെ ബന്ധമാണ് ബ്രിട്ടൻ അവസാനിപ്പിച്ചത്. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ ഉള്ളത്. വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സമയം ഉണ്ട്

britian leaves European union
Author
London, First Published Feb 1, 2020, 6:22 AM IST

ലണ്ടന്‍: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്സിറ്റ് നടപ്പായത്. ബ്രെക്സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. മൂന്നര വർഷം നീണ്ട ചർച്ചകൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും ശേഷമാണ് ബ്രെക്സിറ്റ് നടപ്പായത്.

യൂറോപ്യൻ യൂണിയനുമായുള്ള 47 വർഷത്തെ ബന്ധമാണ് ബ്രിട്ടൻ അവസാനിപ്പിച്ചത്. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ ഉള്ളത്. വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബർ 31 നാണ് പൂർണ അർത്ഥത്തിൽ ബ്രെക്സിറ്റ് നടപ്പാകുക.

അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനിൽക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടൻ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകൾ രൂപീകരിക്കും. 2016ലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ജനഹിതപരിശോധന(ബ്രെക്സിറ്റ്)യിലൂടെ ബ്രിട്ടൻ തീരുമാനിച്ചത്.

2019 മാർച്ച് 29-ന് ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറിൽ ധാരണയായില്ല. ഇതോടെയാണ് വിടുതൽ നീണ്ടത്. ലോകം ആകാംക്ഷയോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടനെ നോക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാര-പങ്കാളിത്ത കരാറുകൾ ഉറപ്പിക്കാന്‍ ഇനി സാധിക്കും. 

Follow Us:
Download App:
  • android
  • ios