Asianet News MalayalamAsianet News Malayalam

പുകവലി കാരണം പ്രതിവർഷം 80,000 പേർ മരിക്കുന്നു, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ

പൊതുസ്ഥലങ്ങൾ പുകവലി രഹിതമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി

British Prime Minister Keir Starmer supports the idea of banning smoking in some outdoor spaces
Author
First Published Aug 30, 2024, 3:01 PM IST | Last Updated Aug 30, 2024, 3:01 PM IST

ലണ്ടൻ: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. പുകവലി കാരണം പ്രതിവര്‍ഷം 80,000 പേര്‍ മരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ പ്രതികരിച്ചു. പബ്ബ്, റെസ്റ്റൊറന്‍റ്, ഗാര്‍ഡന്‍, സ്റ്റേഡിയം, കുട്ടികളുടെ പാർക്കുകൾ, ആശുപത്രികൾക്കും സർവകലാശാലകൾക്കും സമീപമുള്ള നടപ്പാതകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനാണ് ആലോചന.

പൊതുസ്ഥലങ്ങൾ പുകവലി രഹിതമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പുകവലി മൂലമുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്കണമെന്നാണ് ആഗ്രഹം. നാഷണൽ ഹെൽത്ത് സർവ്വീസിന് മേലുള്ള സമ്മർദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ലേബർ പാർട്ടിയാണ് നിലവിൽ ബ്രിട്ടനിൽ ഭരണത്തിലുള്ളത്. ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് പ്രകടന പത്രികയിൽ അവർ വ്യക്തമാക്കിയിരുന്നു. മുൻ കൺസർവേറ്റീവ് സർക്കാരും സമാനമായ നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ കഴിഞ്ഞില്ല.

2007-ൽ ജോലി സ്ഥലങ്ങളിൽ ബ്രിട്ടൻ പുകവലി നിരോധിച്ചിരുന്നു. പിന്നാലെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ നടത്തിയ ഗവേഷണ പ്രകാരം ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.  2022ലെ കണക്ക് പ്രകാരം ബ്രിട്ടനിലെ 64 ലക്ഷം പേർ പുകവലിക്കുന്നവരാണ്. അതായത് മുതിർന്നവരുടെ ജനസംഖ്യയുടെ 13 ശതമാനം പേർ. ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യ കുറവാണ്. ഈ രാജ്യങ്ങളിൽ 18 ശതമാനം മുതൽ 23 ശതമാനം വരെ ആളുകൾ പുകവലിക്കുന്നുണ്ടെന്നാണ് കണക്ക്. 

അതേസമയം ബ്രിട്ടനിലെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനുള്ള നീക്കത്തിൽ എതിർപ്പും ഉയരുന്നുണ്ട്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും കഫേകളിലുമെല്ലാം പുകവലി നിരോധിക്കുന്നത് ബിസിനസിനെ ബാധിക്കും എന്നാണ് ചിലരുടെ വാദം.

ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios