ലണ്ടന്‍: ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കപ്പല്‍ കമ്പനി അധികൃതര്‍. ജീവനക്കാരെ കാണാന്‍ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുറമുഖ അധികൃതരുടെ മറുപടി കാക്കുകയാണെന്നും  ബ്രിട്ടനിലെ സ്റ്റെനാ ഇംപറോ കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

സ്റ്റെനാ ഇംപെറോ കപ്പല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ എറിക് ഹാനെലാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഇറാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, കപ്പലിലുള്ള 23 പേരെയും കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അധികൃതര്‍ക്ക് കത്തുനല്‍കി. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇറാന്‍റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

ഇന്ത്യ, ലാത്വിയാ, ഫിലിപ്പിൻസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്. കപ്പലിലുള്ളവരുടെ  ബന്ധുക്കള്‍ പേടിക്കേണ്ടതില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കപ്പല്‍  അധികൃതര്‍ പറയുന്നു. കൂടാതെ കപ്പല്‍ കമ്പനി അധികൃതര്‍ കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ട്.

കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ ഇതുവരെ സ്ഥീരികരണം ഉണ്ടാിയട്ടില്ല.

കപ്പലിന്‍റെ ക്യാപ്റ്റൻ എറണാകുളം സ്വദേശിയാണെന്ന് ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇവർ ഇപ്പോഴും കപ്പലിലുണ്ടോ അതോ ഇറാൻ പിടികൂടും മുമ്പ് മറ്റേതെങ്കിലും തുറമുഖത്ത് ഇറങ്ങിയിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന്  ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.

അതേസമയം ബ്രിട്ടീഷ് കപ്പലിലെ മലയാളികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നൽകി. സുരക്ഷിതരായി മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരുമായിക്കൂടി പങ്കുവെയ്ക്കണമെന്നും, ഇവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ വിട്ടയക്കാൻ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ എണ്ണക്കപ്പല്‍ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ബ്രിട്ടന്‍ വേഗത്തിലാക്കി. പ്രശ്‍ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരുന്നു.

അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം, പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി. 

ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ പതാക ഉയര്‍ത്തി ഇറാന്‍; തെരേസ മേ മന്ത്രിസഭാ യോഗം വിളിച്ചു