യാത്രക്കാരിൽ ആരോ ബോധരഹിതനായി വീണു എന്നാണ് ആദ്യം എല്ലാവരും കരുതിയത്. മെഡിക്കൽ പരിശീലനം സിദ്ധിച്ച ആരെങ്കിലും ഉണ്ടോയെന്ന് ജീവനക്കാർ വിളിച്ചു ചോദിച്ചു.
ഏഥൻസ്: യാത്രാമദ്ധ്യേ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഈജിപ്തിൽ നിന്ന് നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കായി പറന്നുയർന്ന ഈസിജെറ്റ് വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന് വിമാനം ഏഥൻസിൽ ഇറക്കി. വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കോക്പിറ്റിലെ കൺട്രോളുകൾക്ക് മുകളിലേക്ക് പൈലറ്റ് ബോധരഹിതനായി വീഴുകയായിരുന്നു.
ഈ സമയം യാത്രക്കാരുടെ അടുത്ത് നിൽക്കുകയായിരുന്നു ക്യാബിൻ ക്രൂ ജീവനക്കാർ തങ്ങളുടെ കാർട്ടുകൾ ഉപേക്ഷിച്ച് കോക്പിറ്റിലേക്ക് ഓടി. മെഡിക്കൽ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ജീവനക്കാരുടെ പരക്കംപാച്ചിൽ യാത്രക്കാരെയും പരിഭ്രാന്തരാക്കി. പിന്നീട് പൈലറ്റിന് ചുറ്റും ഒരു സക്രീൻ സ്ഥാപിച്ച് ജീവനക്കാർ മറ്റുള്ളവരിൽ നിന്ന് മറച്ചു. പൈലറ്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ എമർജൻസി ലാന്റിങ് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഉടൻ തന്നെ കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏഥൻസ് വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കുകയും ചെയ്തു. നേരത്തെ വിവരം നൽകിയതനുസരിച്ച് പാരാമെഡിക്കൽ ജീവനക്കാരും ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങളും അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. കോ-പൈലറ്റിന്റെ മനഃസാന്നിദ്ധ്യത്തെയും ക്യാബിൻ ക്രൂ അംഗങ്ങളുടെ അടിയന്തിര ഇടപെടലിനെയും യാത്രക്കാർ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ അവർ അത്ഭുതകരമായി പ്രവർത്തിച്ചുവെന്നാണ് ഒരു യാത്രക്കാരൻ പിന്നീട് പറഞ്ഞത്.
ഏതാണ്ട് രണ്ട് മണിക്കൂറോളം വിമാനം പറന്നുകഴിഞ്ഞാണ് എന്തോ പ്രശ്നമുണ്ടെന്ന് തങ്ങൾക്ക് മനസിലായതെന്ന് യാത്രക്കാരൻ പറഞ്ഞു. വിമാനത്തിൽ ഭക്ഷണം നൽകിക്കൊണ്ടിരുന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അവ അവിടെയിട്ടിട്ട് പെട്ടെന്ന് കോക്പിറ്റിലേക്ക് ഓടിപ്പോകുന്നത് കണ്ടു. അവിടെ ഒരാൾ ബോധരഹിതനായി വീണെന്ന് മനസിലായി. ആദ്യം കരുതിയത് യാത്രക്കാരിൽ ആരോ ആണെന്നായിരുന്നു. വലിയ ബഹളവും അലർച്ചയും കേട്ടു. മെഡിക്കൽ പരിശീലനം ലഭിച്ച ആരെങ്കിലും ഉണ്ടോയെന്ന് ജീവനക്കാർ വിളിച്ചുചോദിച്ചു. യാത്രക്കാരിൽ ഏതാനും പേർ മുന്നോട്ട് ചെന്ന് ജീവനക്കാരെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ വിമാനത്തിൽ ക്യാബിൻ ക്രൂവിന്റെ അറിയിപ്പ് എത്തി. പൈലറ്റ് ബോധരഹിതനായി വീണുവെന്നും അദ്ദേഹത്തിന് അടിയന്തിര ചികിത്സ നൽകേണ്ടതുണ്ടെന്നും അറിയിച്ചു. മറ്റ് വിവരങ്ങൾ പിന്നാലെ നൽകുമെന്നും പറഞ്ഞു. യാത്രക്കാരനല്ല പൈലറ്റാണ് ബോധരഹിതനായതെന്ന് അറിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. സംഭവം ഈസിജെറ്റ് വിമാന കമ്പനിയും സ്ഥിരീകരിച്ചു. ഫസ്റ്റ് ഓഫീസർ അടിയന്തിര ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ലാന്റ് ചെയ്തുവെന്നും മെഡിക്കൽ സഹായം ലഭ്യമാക്കിയെന്നും ചെയ്തുവെന്ന് കമ്പനി അറിയിച്ചു.
പൈലറ്റിന്റെ ആരോഗ്യ പ്രശ്നം കാരണം തുടർ യാത്ര മുടങ്ങിയ യാത്രക്കാർക്ക് വിമാന കമ്പനി ഹോട്ടൽ മുറികളും ഭക്ഷണവും നൽകി. ഇവരെ അടുത്ത ദിവസം മാഞ്ചസ്റ്ററിൽ എത്തിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. യാത്രക്കാരോട് അധികൃതർ ക്ഷമ ചോദിച്ചു. പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കമ്പനി പിന്നീട് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
