പിസ ഓർഡർ ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ കോൾ രക്ഷിച്ചത് യുവതിയുടെ ജീവൻ. ഭർത്താവിന്‍റെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ഉപയോഗിച്ച കോഡ് സൂചന മനസ്സിലാക്കിയ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.
ഷാർജ: പിസ ഓർഡർ ചെയ്ത് പൊലീസിന്‍റെ എമർജൻസി ലൈനിലേക്ക് തെറ്റിയെത്തിയ കോൾ അവഗണിക്കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥൻ കൃത്യ സമയത്ത് ഇടപെട്ടതോടെ രക്ഷിക്കാനായത് ഒരു യുവതിയുടെ ജീവൻ. ഷാർജയിലാണ് സംഭവം.
പിസ ഓർഡർ ചെയ്ത് പൊലീസിനെ വിളിച്ചാൽ കിട്ടുന്ന മറുപടി ചിലപ്പോൾ കടുത്തതായിരിക്കും. എന്നാൽ ഷാർജ പൊലീസ് എമർജൻസി ലൈനിലെ ഖാമിസ് എന്ന ഉദ്യോഗസ്ഥൻ രക്ഷിച്ചെടുത്തത് ഒരു ജീവനാണ്. പരിഭ്രാന്തയായി ആണ് യുവതി ഫോൺ വിളിച്ചത്. യുവതി തുറന്നു സംസാരിക്കാൻ സുരക്ഷിതയല്ലെന്ന് മനസ്സിലാക്കി സാധാരണ പിസ ഓർഡർ എടുക്കുന്ന രീതിയിൽ തന്നെ ഉദ്യോഗസ്ഥൻ തുടർന്ന് സംസാരിച്ചു. എത്ര പിസ വേണമെന്നതിന് ഒന്ന് എന്ന് മറുപടി. കൂടെ കൂൾ ഡ്രിങ്ക്സ് വേണോ എന്നതിന് രണ്ട് എന്ന് മറുപടി നൽകി. ലൊക്കേഷനും ചോദിച്ച് മനസ്സിലാക്കി. ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
പൊലീസെത്തുമ്പോൾ ഭർത്താവിന്‍റെ അതിക്രമം നേരിടുകയായിരുന്നു യുവതി. ശരിയായ മാനസികാവസ്ഥയിലായിരുന്നില്ല യുവതിയുടെ ഭർത്താവ്. ഷാർജ പൊലീസ് കമ്മ്യൂണിക്കേഷൻ ഓപ്പറേഷൻ മേധാവി ക്യാപ്റ്റൻ മാജിദ് അൽ ബാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ കോഡ് സൂചനകൾ മനസ്സിലാക്കാനുള്ള ശേഷിയും അതിന്‍റെ ഗുണങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. എമർജൻസി ആവശ്യങ്ങൾക്ക് 999 എന്ന നമ്പരിലും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പരിലും പൊലീസിനെ വിളിക്കാം.



