ആഭ്യന്തര കാര്യങ്ങളില്‍ ചൈനീസ് ഇടപെടല്‍; ചൈനയ്‍ക്കെതിരെ കാനഡ രംഗത്ത് !
ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ള കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ചൈന അഭിപ്രായ രൂപീകരണത്തിന് ശ്രമിച്ചെന്നാണ് ആരോപണം.

ഖലിസ്ഥാന്‍ വാദിയായിരുന്ന ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലാദ്യമായി പ്രതിസന്ധിയിലായപ്പോള്‍, ചൈനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാനഡ രംഗത്ത്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവരെ ചൈന ലക്ഷ്യമിട്ടെന്ന ആരോപണമാണ് കാനഡ ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഡസൻ കണക്കിന് രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് ചൈനയുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം കണ്ടെത്തിയതായാണ് ഏറ്റവും ഒടുവില്‍ കാനഡ ആരോപിച്ചിരിക്കുന്നത്. കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്താനായി ഓണ്‍ലൈനുകളില്‍ വ്യാപകമായി ചൈന സ്പാമൗഫ്ലേജ് പ്രചാരണം (spamouflage campaign) നടത്തിയെന്നാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരിക്കുന്നത്. ബെയ്ജിംഗിനെതിരായ കാനഡയുടെ വിമർശനങ്ങളെ നിശബ്ദമാക്കാനാണ് ഈ പ്രചാരണം നടത്തിയതെന്നും മന്ത്രാലയം ആരോപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.
ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടമാണെന്ന ആരോപണം ഉന്നയിച്ച് നേരത്തെ കാനഡ രംഗത്തെത്തിയിരുന്നു. ഇതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തെങ്കിലും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പലതവണ ആരോപണം ഉന്നയിച്ചു. പിന്നാലെ ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളായി ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്ന ആരോപണം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇതിനിടെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ചൈന ബോധപൂര്‍വ്വം ഹര്‍ദ്ദീപ് സിംഗ് നിജ്ജറിനെ കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് ചൈനീസ് മാധ്യമപ്രവര്‍ത്തകയുമായ ജെന്നിഫർ സെങ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ എംപിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ ചൈന സ്പാമൗഫ്ലേജ് പ്രചാരണം നടത്തിയെന്ന് കാനഡ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. സ്പാമൗഫ്ലേജ് പ്രചാരണം (spamouflage campaign) എന്നാല്‍, ഒന്നിലധികം സാമൂഹിക മാധ്യമങ്ങളിലൂടെ ചില പ്രത്യേക ലക്ഷങ്ങള്‍ വച്ച് നിരന്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അത് വഴി സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ക്കിടയിലേക്ക് തെറ്റായ സന്ദേശങ്ങള്‍ അവരറിയാതെ എത്തിക്കുകയും ചെയ്യുന്ന രീതിയാണ്. ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ പുതിയതായി ചില അക്കൗണ്ടുകളുടെ ശൃംഖലകള്‍ തന്നെ ആരംഭിക്കുന്നു. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഇത്തരം അക്കൗണ്ടുകള്‍ നിശബ്ദമാകും.
'നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ചൈന'; ആരോപണവുമായി ചൈനീസ് മാധ്യമ പ്രവര്‍ത്തക
വിദേശ രാജ്യങ്ങള്‍ സ്പോൺസർ ചെയ്യുന്ന തെറ്റായ വിവരങ്ങൾ നൽകുന്ന ഇത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് മെക്കാനിസം ഓഗസ്റ്റിൽ ബീജിംഗുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു "സ്‌പമോഫ്ലാജ്" കാമ്പെയ്‌ൻ കണ്ടെത്തിയതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ ആരോപിച്ചു. സെപ്തംബർ ആദ്യ വാരാന്ത്യത്തിലാണ് ഈ ക്യാമ്പൈന്‍ ശക്തമാക്കിയത്. കാനഡയുടെ രണ്ട് ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഈ ക്യാമ്പൈന്‍ ശക്തമാക്കിയിരുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ടത് കാനഡയിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു വിമർശകൻ കാനഡയിലെ വിവിധ രാഷ്ട്രീയക്കാർക്കെതിരെ ക്രിമിനൽ, ധാർമ്മിക ലംഘനങ്ങൾ ആരോപിച്ചതായി അഭിപ്രായപ്പെട്ട് കൊണ്ടുള്ള സന്ദേശങ്ങളായിരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ (X). ഇന്‍സ്റ്റാഗ്രാം, യൂറ്റ്യൂബ്, മിഡിയം, റെഡ്ഡിറ്റ്, ടിക്ടോക്ക്, ലിങ്ക്ഡിന്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂ ഒരു ബോട്ട് നെറ്റ്വര്‍ക്ക് വഴിയാണ് ഇത്തരം പ്രചാരണങ്ങള്‍ ചൈന ശക്തമാക്കിയത്, ഓഗസ്റ്റിൽ ഹവായ് കാട്ടുതീയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. യുഎസ് സൈന്യത്തിന്‍റെ രഹസ്യ "കാലാവസ്ഥാ ആയുധം" മൂലമാണ് കാട്ടുതീയുണ്ടായതെന്നായിരുന്നു പ്രചാരണം. ജസ്റ്റിന്‍ ട്രൂഡോയെ കൂടാതെ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് പിയറി പോളിയെവ്രെയും ട്രൂഡോയുടെ മന്ത്രിസഭയിലെ നിരവധി അംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു വ്യാജ പ്രചാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.