വാഷിംഗ്ടൺ ഡിസി: കാപിറ്റോൾ കലാപത്തിൻ്റെ 'മുഖം' ആയ വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിലായി. ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലിയാണ് മുഖത്ത് ചായം തേച്ച് തലയിൽ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേൽവസ്ത്രമില്ലാതെ സെനറ്റ് ചേമ്പറിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ജേക്കബ് ആൻ്റണി ചാൻസ്‍ലി എന്നാണ് ഇയാളുടെ മുഴുവൻ പേര്. ക്യു അനോൺ എന്ന അടിസ്ഥാനരഹിത ഗൂഢാലോചന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നയാളാണ് ഇയാൾ. കയ്യിൽ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കൽ അമേരിക്കൽ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോൾ ബിൽഡിം​ഗിലേക്ക് അതിക്രമിച്ച് കയറിയത്.

സ്പീക്ക‌ർ നാൻസി പെലോൻസിയുടെ പ്രസം​ഗ പീഠവുമെടുത്ത മാറ്റിയ ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോ‌ർ‌ട്ട്. ആക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. 

ഇതിനിടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കുമന്ന് സ്പീക്കർ നാൻസി പെലോസി അറിയിച്ചു. ഇംപീച്ച്മെന്റ് ഒഴിവാക്കാൻ ട്രംപ് ഉടൻ രാജിവയ്ക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകൾ മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ വർഷം സമാന രീതിയിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് വന്നുവെങ്കിലും അന്തിമഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു.

അവസാന ഘട്ടത്തിൽ ഇംപീച്ച്മെന്റ് കൊണ്ട് വരുന്നത് സ്ഥിതി​ഗതികൾ വഷളാക്കുവാനേ ഉപകരിക്കൂവെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം.  കാപിറ്റോൾ ഹിൽ കലാപത്തിന് പിന്നാലെ റിപബ്ലിക്കിൻ നിരയ്ക്കുള്ളിൽ നിന്ന് തന്നെ ശക്തമാ പ്രതിഷേധമാണ് ട്രംപിനെതിരെ ഉയരുന്നത്.