ഉഷ്ണമേഖലയിലെ ചൂടുവെള്ളം യൂറോപ്പിലേക്കും ആർട്ടിക്കിലേക്കും എത്തിച്ച് അവിടെവെച്ച് വെള്ളം തണുത്ത് താഴേക്ക് പോയി തിരിച്ചുള്ള ഒഴുക്കായി മാറുന്നതിൽ അമോകിനുള്ള പങ്ക് വളരെ വലുതാണ്

ബ്രിട്ടൻ: ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ 'കൺവെയർ ബെൽറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ എന്ന അമോക് തകരാനുള്ള സാധ്യത മുമ്പ് കരുതിയതിനേക്കാൾ വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. സമുദ്രജലത്തിലെ താപനിലയും ലവണാംശവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം നിലച്ചാൽ അത് ലോകമെമ്പാടും പെട്ടെന്നുള്ളതും വിനാശകരവുമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുള്ള ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക് മേഖലയിലെ മഞ്ഞുപാളികൾ ഉരുകുകയും സമുദ്രത്തിലേക്ക് വൻതോതിൽ ശുദ്ധജലം ഒഴുകിയെത്തുകയും ചെയ്യുന്നു. ഇത് സമുദ്രജലത്തിന്റെ ലവണാംശം കുറയ്ക്കുകയും നീരൊഴുക്കിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ സംവിധാനം അതിന്റെ തകർച്ചയുടെ ഘട്ടത്തിലേക്ക് മുമ്പ് കരുതിയതിനേക്കാൾ വളരെ വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സംവിധാനം തകർന്നാൽ അത് തിരിച്ചുവരവില്ലാത്ത വിധം ആഗോള കാലാവസ്ഥയെ മാറ്റിമറിക്കും. യൂറോപ്പിലെ താപനില ദശകങ്ങൾക്കുള്ളിൽ 10 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ ഇത് കാരണമായേക്കാം. ഇത് വടക്കൻ യൂറോപ്പിൽ അതിശൈത്യത്തിന് വഴിതെളിക്കും. തെക്കൻ അർദ്ധഗോളത്തിൽ ചൂട് വർദ്ധിക്കുന്നതിനും ഈ സംവിധാനം തകരുന്നത് കാരണമാകും. കാലാവസ്ഥാ പ്രതിസന്ധി കാരണം ഇത് കഴിഞ്ഞ 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആഗോള കാലാവസ്ഥാ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് അമോക്. ഉഷ്ണമേഖലയിലെ ചൂടുവെള്ളം യൂറോപ്പിലേക്കും ആർട്ടിക്കിലേക്കും എത്തിച്ച് അവിടെവെച്ച് വെള്ളം തണുത്ത് താഴേക്ക് പോയി തിരിച്ചുള്ള ഒഴുക്കായി മാറുന്നതിൽ അമോകിനുള്ള പങ്ക് വളരെ വലുതാണ്. ഈ സംവിധാനം തകർന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ കൃഷിക്കായി ആശ്രയിക്കുന്ന മഴയുടെ ലഭ്യത മാറും. പടിഞ്ഞാറൻ യൂറോപ്പിൽ അതിശൈത്യവും വേനൽക്കാല വരൾച്ചയും അനുഭവപ്പെടും. കൂടാതെ അറ്റ്‌ലാന്റിക് സമുദ്രനിരപ്പ് 50 മുതൽ 100 സെന്റിമീറ്റർ വരെ ഉയരാനും ഇത് കാരണമാകും.

നിലവിലെ കാലാവസ്ഥാ മോഡലുകൾ പ്രവചിച്ചതിനേക്കാൾ വേഗത്തിൽ അമോക് ദുർബലമാകുന്നു എന്നാണ് ഫ്രാൻസിലെ ഇൻറിയ റിസർച്ച് സെന്ററിലെ ഡോ. വാലന്റൈൻ പോർട്ട്മാൻ വിശദമാക്കുന്നത്. ഇതിനെ ആശങ്കാജനകമായ ഫലം എന്നാണ് ജർമ്മനിയിലെ പോട്‌സ്ഡാം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സ്റ്റെഫാൻ രാംസ്റ്റോർഫ് വിശേഷിപ്പിച്ചത്. നിരീക്ഷണ ഡാറ്റയുമായി പൊരുത്തപ്പെടുന്ന മോഡലുകൾ അമോകിന്റെ ശക്തമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സ്റ്റെഫാൻ രാംസ്റ്റോർഫ് പറയുന്നത്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ഈ മാറ്റം അനിവാര്യമാകുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിയേക്കുമെന്നും സ്റ്റെഫാൻ രാംസ്റ്റോർഫ് ഭയപ്പെടുന്നു.

കഴിഞ്ഞ 35 വർഷമായി അമോകിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനാണ് രാംസ്റ്റോർഫ്. കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടയിൽ ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ അമോക് മാറുമ്പോഴാണ് സംഭവിച്ചിട്ടുള്ളതെന്നും സ്റ്റെഫാൻ രാംസ്റ്റോർഫ് കൂട്ടിച്ചേർക്കുന്നു. പല ശാസ്ത്രജ്ഞരും മുമ്പ് കരുതിയിരുന്നത് ഇത്തരം ഒരു തകർച്ച സംഭവിക്കാൻ ഇനിയും നൂറ്റാണ്ടുകൾ എടുക്കുമെന്നാണ്. എന്നാൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ നൂറ്റാണ്ടിന്റെ പകുതിയോടെയോ അല്ലെങ്കിൽ അതിനു മുൻപോ തന്നെ ഈ പ്രതിഭാസം സംഭവിക്കാമെന്നാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തരമായി കുറച്ചില്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥാ സന്തുലിതാവസ്ഥ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം