ദില്ലി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു. സംഘർഷമേഖലയിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറി തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ രാത്രി വന്നെങ്കിലും കരസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് പറന്നതായി വാർത്താ ഏജൻസിയായ എഫ്പി ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു. 15,000 സൈനികരെ കൂടി ഇന്ത്യ ഈ മേഖലയിലേക്ക് നീക്കി എന്നാണ് സൂചന. 

തർക്കമേഖലകളിൽ നിന്ന് പിൻമാറാൻ ഈ മാസം ആറിന് എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്‍റുകള്‍ നിർമ്മിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തു വന്നു. സൈനികതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചർച്ചയിലും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായത്. 

ഗൽവാനിലെ സംഭവങ്ങളിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. അതേ സമയം ജോയിൻ്റ് സെക്രട്ടറിമാരുടെ തലത്തിൽ നയതന്ത്ര ചർച്ച തുടരുമ്പോൾ തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന രംഗത്തു വന്നു. ഗൽവാൻ താഴ്വരയിലാകെ ചൈനയ്ക്ക് പരമാധികാരമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. അതിർത്തിയിൽ സമാധാനം നിലനിറുത്താനുള്ള ബാധ്യത ഇന്ത്യയ്ക്കാണെന്നും പ്രസ്താവനയിൽ ചൈന പറയുന്നു.