ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ നിലപാട് മാറ്റവുമായി ചൈന
ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.

ബെയ്ജിങ്: ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ നിലപാട് മാറ്റവുമായി ചൈന. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് പറഞ്ഞിരുന്നു. ആദ്യമായാണ് ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ചൈന നിലപാടെടുക്കുന്നത്.
അതേസമയം, ഹമാസ് തടവിലാക്കിയ ബന്ധികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് ഇസ്രയേൽ രംഗത്തെത്തി. അതിനിടെ ഗാസയിലെ പ്രവർത്തനം നാളെ നിർത്തുമെന്ന് യു.എൻ ദുരിതാശ്വാസ ഏജൻസി വ്യക്തമാക്കി. ഇന്ധന, ഭക്ഷണ ക്ഷാമത്തെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 6000 ആയി. 24 മണിക്കൂറിനിടെ 700 പേരാണ് കൊല്ലപ്പെട്ടത്.