Asianet News MalayalamAsianet News Malayalam

പ്രതീക്ഷിച്ചത് സംഭവിച്ചു, പൊതുവേദിയില്‍നിന്ന് 'അപ്രത്യക്ഷനായ' ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ നീക്കി

ഷീ ജിൻ പിങ് മൂന്നാമതും പ്രസിഡന്റായതിന് ശേഷം സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രമുഖനാണ് ലി. വിദേശ കാര്യമന്ത്രി ക്വിൻ ഗാങിനെ കഴിഞ്ഞ ജുലൈയിലാണ് മാറ്റിയത്.

Finally the expected happened, the 'disappearing' Minister of Defense Li Shangfu was removed from the cabinet
Author
First Published Oct 24, 2023, 6:39 PM IST

ബെയ്ജിങ്: പൊതുവേദിയില്‍നിന്ന് രണ്ടു മാസത്തോളമായി കാണാതായ ചൈനീസ് പ്രതിരോധ മന്ത്രിക്ക് സ്ഥാനചലനം. ചൈനീസ് മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്തുനിന്നും മാറ്റിയത്. ചൈനീസ് പാർലമെന്റായ നാഷണൽ പിപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് മന്ത്രിസ്ഥാനത്ത് നിന്നും സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്ത് നിന്നും ലിയെ നീക്കിയത്. എന്തുകൊണ്ടാണ് മന്ത്രിസ്ഥാനത്തുനിന്നും ലിയെ മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ പ്രതിരോധ മന്ത്രിയെ  പ്രഖ്യാപിച്ചിട്ടുമില്ല. ഷീ ജിൻ പിങ് മൂന്നാമതും പ്രസിഡന്റായതിന് ശേഷം സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രമുഖനാണ് ലി. വിദേശ കാര്യമന്ത്രി ക്വിൻ ഗാങിനെ കഴിഞ്ഞ ജുലൈയിലാണ് മാറ്റിയത്.

ചൈനീസ് പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫു രണ്ടുമാസത്തോളമായി പൊതുവേദികളില്‍നിന്ന് ഉള്‍പ്പെടെ കാണാനില്ലാത്ത സംഭവം  സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. അഴിമതിയാരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, ചൈനീസ് പ്രതിരോധ മന്ത്രി വീട്ടുതടങ്കലിലാണോയെന്ന ചോദ്യമുയര്‍ത്തി ജപ്പാനിലെ യു.എസ് സ്ഥാനപതി റഹ്ം ഇമ്മാനുവല്‍ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പും ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകളോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. എന്നാല്‍, മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതരത്തിലാണ് ഇപ്പോള്‍ ലീയെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റിയ നടപടി.

ആഗസ്റ്റ് 29നാണ് ചൈനീസ് പ്രതിരോധ മന്ത്രി അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരിപാടിയില്‍ പങ്കെടുത്തായിരുന്നു ലി ഷാങ്ഫു പൊതുവേദിയിലെത്തിയത്. എന്നാല്‍, അതിനുശേഷം ലി ഷാങ്ഫുവിനെ പൊതുവേദിയില്‍ കണ്ടിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.'ഡെന്‍മാര്‍ക്ക് സംസ്ഥാനത്ത് എന്തോ ചീഞ്ഞുനാറുന്നുവെന്ന് ഷേക്സ്പിയര്‍ ഹാംലെറ്റിലെഴുതിയതുപോലെ, പ്രതിരോധ മന്ത്രി ലീ ഷാങ്ഫു മൂന്നാഴ്ചയായി അപ്രത്യക്ഷനായിരിക്കുന്നു. വിയ്റ്റ്നാമിലേക്ക് നടത്താനിരുന്ന യാത്രയിലും ലീ പങ്കെടുത്തില്ല. ഇപ്പോള്‍ സിംഗപ്പുര്‍ നാവികസേനാ മേധാവിയുമായി നടത്താനിരുന്ന യോഗത്തില്‍നിന്നും അദ്ദേഹം വിട്ടുനിന്നത് വീട്ടുതടങ്കലില്‍ ആയതുകൊണ്ടാണോ‌?'- എന്നായിരുന്നു യു.എസ് സ്ഥാനപതി റഹ്ം ഇമ്മാനുവലിന്‍റെ പോസ്റ്റ്.

ചൈനീസ് പ്രതിരോധ മന്ത്രാലയ ഓഫീസില്‍നിന്ന് ലീയെ നീക്കം ചെയ്തുവെന്ന് ദ വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലീക്കെതിരെ അന്വേഷണം നടക്കുകയാണെന്നാണ് യു.എസ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്.  കഴിഞ്ഞ മാര്‍ച്ചിലാണ് 65കാരനായ ലീ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഏപ്രിലില്‍ ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ ആതിഥ്യം വഹിച്ച പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയിരുന്നു. 

ചൈനയില്‍ നേരത്തെ വിദേശകാര്യമന്ത്രി ചിന്‍ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായിരുന്നു. പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ വിശ്വസ്തന്‍ കൂടിയായിരുന്ന ചിന്‍ ഗാങ്ങിനെ പിന്നീട് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. പുറത്താക്കലിന് പിന്നിലെ കാരണം ആര്‍ക്കമറിയില്ല. ഇതിനുപിന്നാലെയാണിപ്പോള്‍ പ്രതിരോധ മന്ത്രിയായ ലി ഷാങ്ഫുവിനും ചിന്‍ ഗാങ്ങിന്‍രെ അതെ അവസ്ഥയുണ്ടായിരിക്കുന്നത്.  ഉന്നതരെ കാണാതാകുന്ന രീതി ഏറെക്കാലമായി ചൈനയില്‍ നിലവിലുണ്ട്. രാഷ്ട്രീയക്കാര്‍ക്കു പുറമെ സമ്പന്ന വ്യവസായികളും കായികതാരങ്ങളും ഇങ്ങനെ കാണാതായി തിരിച്ചുവന്നവരുടെ പട്ടികയിലുണ്ട്. സമ്പന്ന വ്യവസായി ദുവാന്‍ വെയിഹോങ് അഞ്ചുവര്‍ഷത്തോളം അപ്രത്യക്ഷനായിരുന്നു. 

പ്രതിസന്ധികൾക്കൊടുവിൽ കൂറ്റൻ ക്രെയിനും വിഴിഞ്ഞത്ത് ഇറക്കി, ഷെൻഹുവ-15 നാളെ മടങ്ങും, അടുത്ത കപ്പല്‍ പുറപ്പെട്ടു

Follow Us:
Download App:
  • android
  • ios