ബെയ്ജിം​ഗ് : മസൂദ് അസർ വിഷയം പഠിക്കാൻ സമയം വേണമെന്ന് ചൈന. മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യൻ നീക്കം തടഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. തങ്ങളുടെ നിലപാട് യുഎൻ ചട്ടങ്ങൾക്ക് അനുസൃതമാണെന്നും ഇന്ത്യയുമായുള്ളത് ആത്മാ‌‌‌‌ർത്ഥമായ ബന്ധമാണെന്നുമാണ് ചൈനയുടെ പ്രതികരണം. 

യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഉന്നയിച്ച ആവശ്യമാണ് ചൈനയുടെ എതിർപ്പിനെ തുടർന്ന് തള്ളിപ്പോയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ഇതിന് മുമ്പ് മൂന്നു തവണ എതിർത്തിട്ടുള്ള ചൈന, ഇത്തവണയും നിലപാട് ആവർത്തിക്കുകയായിരുന്നു. 

മസൂദിനെ കരിമ്പട്ടികയിൽപെടുത്താൻ പാകിസ്ഥാന് താൽപര്യമില്ലെന്നാണ് ഒരിക്കൽ കൂടി ചൈന വിശദീകരിച്ചത്. പുൽവാമ ആക്രമണത്തിന് പിന്നാലെ മസൂദ് അസറിനെ കുരുക്കാനുള്ള ഇന്ത്യൻ നീക്കമാണ് ഇതോടെ വൃഥാവിലായത്. നടപടി നിരാശാജനകമാണെന്ന് പ്രതികരിച്ച ഇന്ത്യ, സമ്മർദ്ദ നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍  രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത്  അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈന നിലപാട് വ്യക്തമാക്കിയത്. 15 അംഗങ്ങളുള്ള സുരക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോജനപ്പെടുത്തിയാണ് അസറിനെതിരായ നീക്കം ചൈന ചെറുത്തത്.