ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്തി.
ബെയ്ജിംഗ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ പ്രഖ്യാപനത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തി. ഇന്ത്യ - പാകിസ്ഥാൻ സൈനിക സംഘർഷത്തെത്തുടർന്ന് രൂപംകൊണ്ട പ്രാദേശിക സ്ഥിതിഗതികളെക്കുറിച്ചാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഇഷാഖ് ദാർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
പാകിസ്ഥാന്‍റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ചൈന വീണ്ടും ഉറപ്പിച്ചു പറഞ്ഞുവെന്നാണ് ദാര്‍ പറയുന്നത്. പാകിസ്ഥാന്‍റെ സംയമനത്തെയും സ്ഥിതിഗതികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തതിനെയും ചൈനീസ് മന്ത്രി പ്രശംസിച്ചു. "എക്കാലത്തെയും തന്ത്രപരമായ സഹകരണ പങ്കാളികൾ" എന്നും "ഉരുക്കുപോലെ ഉറച്ച സുഹൃത്തുക്കൾ" എന്നുമാണ് ഇരു രാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്.
കര, വ്യോമ, നാവിക അതിർത്തികളിൽ ഉടനടി വെടിനിർത്തൽ നടത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൈനയുടെ ഈ ഇടപെടൽ. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പങ്കിനെയും പാകിസ്ഥാൻ സ്വാഗതം ചെയ്തിരുന്നു. അയൽരാജ്യങ്ങൾ തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിർത്തൽ ധാരണ യുഎസ് ഇടപെട്ടിട്ടാണെന്നും കശ്മീർ തർക്കം പരിഹരിക്കാൻ മധ്യസ്ഥനാകാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
''പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിർത്തൽ ധാരണയെ പിന്തുണയ്ക്കുന്നതിൽ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം യുഎസ് വഹിച്ച ക്രിയാത്മകമായ പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ്" എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.


