ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പങ്കിനെ പാകിസ്ഥാൻ സ്വാഗതം ചെയ്തു.
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പങ്കിനെ സ്വാഗതം ചെയ്യുന്നു എന്ന് പാകിസ്ഥാൻ. അയൽരാജ്യങ്ങൾ തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിർത്തൽ ധാരണ യുഎസ് ഇടപെട്ടിട്ടാണെന്നും കശ്മീർ തർക്കം പരിഹരിക്കാൻ മധ്യസ്ഥനാകാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
''പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിർത്തൽ ധാരണയെ പിന്തുണയ്ക്കുന്നതിൽ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം യുഎസ് വഹിച്ച ക്രിയാത്മകമായ പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ്" എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.
"ദക്ഷിണേഷ്യയിലും അതിനപ്പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നമായ ജമ്മു കശ്മീർ തർക്കത്തിന്‍റെ പരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രസിഡന്‍റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ജമ്മു കശ്മീർ തർക്കത്തിന്‍റെ നീതിയുക്തവും ശാശ്വതവുമായ ഏതൊരു പരിഹാരവും പ്രസക്തമായ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും സ്വയം നിർണ്ണയാവകാശം ഉൾപ്പെടെയുള്ള കശ്മീർ ജനതയുടെ മൗലികാവകാശങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും പാകിസ്ഥാൻ ആവർത്തിക്കുന്നു" എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സമാധാനത്തിനായി രാജ്യം 'പ്രതിജ്ഞാബദ്ധമാണ്' എന്നും പാകിസ്ഥാൻ വ്യക്തമാക്കി.
അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്‍റെ പ്രതികരണങ്ങളും വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിൽ പറയുന്നു.


