Asianet News MalayalamAsianet News Malayalam

ശ്രീലങ്കയുടെ അഭ്യർഥനയും ഇന്ത്യയുടെ എതിർപ്പും തള്ളി; ചൈനീസ് ചാരക്കപ്പൽ ഹമ്പൻതോട്ട തുറമുഖത്തേക്ക് എത്തുന്നു

കപ്പൽ എത്തുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയുടെ ആവശ്യം ചൈന നിരസിച്ചു.  ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക.

China Spy Ship Still Headed To Sri Lankan port amid Indian concern
Author
New Delhi, First Published Aug 9, 2022, 7:44 PM IST

ദില്ലി: ശ്രീലങ്കയുടെ അഭ്യർഥന തള്ളി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഹമ്പൻതോട്ട തുറമുഖത്തേക്ക് യാത്ര തുടരുന്നു. ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് കപ്പൽ എത്തുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയുടെ ആവശ്യം ചൈന നിരസിച്ചു.  ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക. കപ്പൽ ​ഗവേഷണ ആവശ്യത്തിനാണ് എത്തുന്നതെന്നാണ് ചൈനയുടെ വിശദീകരണം.  
നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ബുധനാഴ്ചയാണ് കപ്പൽ എത്തേണ്ടിയിരുന്നത്. എന്നാൽ, വ്യാഴാഴ്ച  രാവിലെ 9.30ന് കപ്പൽ ഹമ്പൻതോട്ട തുറമുഖത്തേക്ക് എത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയും ചൈനയും തമ്മിലുള്ള സ്വഭാവിക ബന്ധത്തെ തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ കഴിഞ്ഞ ദിവസം ചൈന പ്രതികരിച്ചിരുന്നു. ഏഴു ദിവസത്തോളമാണ് ചൈനീസ് കപ്പൽ തുറമുഖത്ത് നങ്കൂരമിടുക. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ചാരക്കപ്പൽ യാത്ര നീട്ടണമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു. 

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നതിൽ ഇന്ത്യ കടുത്ത ആശങ്കയാണ് അറിയിച്ചത്. ബഹിരാകാശത്തിനും ഉപഗ്രഹ ട്രാക്കിംഗിനുമായി പ്രവർത്തിക്കുന്ന കപ്പൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്തുമെന്നാണ് ചൈന പറയുന്നത്. 750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നതിനാൽ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചൈനീസ് കപ്പലിന് ലഭിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്.

ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹമ്പൻതോട്ടയിൽ എത്തുന്നത്.  1948 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്ക അഭിമുഖീകരിക്കുന്ന സമയത്താണ് ചൈനീസ് കപ്പലിന്റെ സന്ദർശനം. സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക സഹായം ശ്രീലങ്ക തേടിയിരുന്നു.  ഇരു രാജ്യങ്ങളിൽ ആരെ പിണക്കുന്നതും ലങ്കയ്ക്ക് കനത്ത തിരിച്ചടിയാവും. 

ഇന്ത്യ കണ്ണുരുട്ടി, ശ്രീലങ്ക ഉടക്കിട്ടു; ചൈനീസ് ചാരക്കപ്പൽ ഉടൻ ഹംമ്പൻതോട്ട തുറമുഖത്തെത്തില്ല


 

Follow Us:
Download App:
  • android
  • ios