തായ്‌വാൻ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും സൈനികാഭ്യാസം തുടങ്ങിയതായി പ്രഖ്യാപിച്ച് ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്
ബീജിങ്: തായ്‌വാൻ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും സൈനികാഭ്യാസം തുടങ്ങിയതായി പ്രഖ്യാപിച്ച് ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഇന്നലെത്തന്നെ തുടങ്ങിയ സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്ന്. അഞ്ചു നാൾ തുടരുമെന്നാണ് അറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ചൈനീസ് പ്രതിരോധ മന്ത്രാലയം. തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ നടക്കുന്ന ഈ ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കും.
തായ്വാൻ എന്ന ചെറു വ്യവസായ രാജ്യത്തെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കും. കമ്പനികൾ കപ്പലുകൾ വഴിതിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് തായ്വാൻ കുറ്റപ്പെടുത്തുന്നു. അമേരിക്ക ഒറ്റയ്ക്കും ജി ഏഴ് രാജ്യങ്ങൾ കൂട്ടായും ചൈനീസ് നീക്കത്തെ അപലപിച്ചു. തായ്വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈനയുടെ മറുപടി.
ചൈനീസ് ഹാക്കർമാർ തായ്‌വാന്റെ പ്രതിരോധ വെബ്‌സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു തകർത്തു. ഇന്നലെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തി ലംഘിച്ചു. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കും എന്നുമാണ് തായ്‌വാന്റെ പ്രതികരണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ്വാൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം.
തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു, തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്‌വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലാണ്.
Read more: പെലോസിയുടെ സന്ദർശനം; തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനീകാഭ്യാസം
നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചിരുന്നു. തായ‍്‍വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ‍്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനുംഅദ്ദേഹം നിർദേശിച്ചു.
ഇതിനിടെ ചൈനയ്ക്കും തായ്‌വാനും ഇടയിൽ തൽസ്ഥിതി തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും പെലോസിയുടെ സന്ദർശനം വ്യക്തിപരമാണെന്നും വൈറ്റ്ഹൗസ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ചൈന ഈ നിലപാട് തള്ളുകയാണ്. രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ‍്‍വാൻ തങ്ങളുടെ സ്വന്തം പ്രവിശ്യ ആണ് എന്ന പതിറ്റാണ്ടുകളായുള്ള വാദം ആവർത്തിക്കുകയാണ് ചൈന. അതേസമയം തായ‍്‍വാൻ പാർലമെന്റിലെ പ്രസംഗത്തിലും പിന്നീട് വാർത്താ സമ്മേളനത്തിലും നാൻസി പെലോസി ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. തായ‍്‍വാൻ ജനതയെ കൈവിടാൻ അമേരിക്കയ്ക്ക് കഴിയില്ല. പിന്തുണയുമായി തായ്‌വാനിലേക്ക് വരുന്നവരെ തടയാനാവില്ലെന്ന് ചൈനയ്ക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നുവെന്നും പെലോസി പ്രതികരിച്ചു. പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ തായ‍്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ഉന്നത പൗര ബഹുമതി നൽകിയാണ് പെലോസിയെ ആദരിച്ചത്.
Read more: രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവരെ ശിക്ഷിക്കുമെന്ന് ചൈന, തായ‍്‍വാനെതിരെ പടയൊരുക്കം
