ബെയ്ജിങ്: കൗതുകകരമായ വിവാഹവും വിവാഹമോചനവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ബന്ധുക്കളായ  ദമ്പതികള്‍  23 തവണ വിവാഹമോചനം നടത്തിയാലോ? ഞെട്ടല്‍ മാറും മുമ്പ് ഒന്ന് അറിയുക, ഇതിന് കാരണം സര്‍ക്കാരിന്‍റെ ഒരു പ്രഖ്യാപനമാണ്. ,

ചൈനയിലാണ് ബന്ധുക്കളായ 11 ദമ്പതികള്‍ 23 തവണ വിവാഹമോചനം നടത്തിയത്. കൂട്ട വിവാഹമോചനത്തിന് പിന്നിലെ കാരണമായി പറയുന്നത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണ്. വീടുകള്‍ തകര്‍ന്ന സെജിയങ് പ്രവിശ്യയിലുള്ളവര്‍ക്ക് 40 സ്ക്വയര്‍ മീറ്ററിലുള്ള വീടുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനത്തെ വക്രബുദ്ധിയോടെ സമീപിച്ച പാന്‍ എന്നയാളാണ് വിവാഹമോചനങ്ങള്‍ക്ക് തുടക്കമിട്ടത്. സെജിയങ് സ്വദേശിയായ മുന്‍ ഭാര്യ ഷിയെ പാന്‍ പുനര്‍വിവാഹം ചെയ്തു. മാര്‍ച്ച് ആറിനായിരുന്നു ഇവരുടെ വിവാഹം. സെജിയങില്‍ താമസിക്കുന്ന ഷിയെ വിവാഹം ചെയ്യുന്നതിലൂടെ അധികൃതര്‍ നല്‍കുന്ന വീട് സ്വന്തമാക്കാനായാണ് പാന്‍ വിവാഹത്തിന് സമ്മതിച്ചത്. ആറുദിവസം കഴിഞ്ഞ് ഇവര്‍ വിവാഹമോചിതരായി.

പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പാന്‍ ഭാര്യാസഹോദരിയെയും അവരുടെ സഹോദരിയെയും വിവാഹം കഴിച്ചു. വൈകാതെ വിവാഹമോചിതരാകുകയും ചെയ്തു. ഇതേസമയം ഷി അവരുടെ മറ്റൊരു മുന്‍ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്തു. അങ്ങനെ ബന്ധുക്കളായ 11  ദമ്പതികള്‍ 23 തവണ വിവാഹമോചിതരായതായി ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷമം ആരംഭിച്ചു. ദമ്പതികള്‍ കുറ്റസമ്മതം നടത്തിയെന്നും പശ്ചാത്തപിച്ചതായുമാണ് പുറത്തുവരുന്ന വിവരം.