ബീജിംഗ്: കൊറോണവൈറസ് വ്യാപനം തടയാനായില്ലെന്ന് വിമര്‍ശിക്കുകയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിനെ വിവസ്ത്രനായ കോമാളിയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത വ്യവസായിയും മന്ത്രിസഭ മുന്‍ അംഗവുമായ റെന്‍ ഷി ക്വിയാങ്ങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.

ചൈനീസ് പ്രസിഡന്‍റിന്‍റെ നിശിത വിമര്‍ശകനായിരുന്നു ഇദ്ദേഹം. ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് വ്യാപനം തടയുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന് റെന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഇയാളെ കാണാതായതെന്ന് ഇയാളുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമത്വം, സമാധാനം എന്നീ ഗുണങ്ങളോട് അടുത്ത് നില്‍ക്കുന്നവന്‍ എന്നാണ് ചിന്‍ പിങ് എന്ന വാക്കിനര്‍ഥം. എന്നാല്‍ അധികാരക്കൊതിയുള്ള കോമാളിയാണ് പ്രസിഡന്‍റെന്ന് റെന്‍ വിമര്‍ശിച്ചിരുന്നു. 

മാര്‍ച്ച് 12 മുതല്‍ ഇയാളെ കാണാനില്ലെന്നും ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാതായതോടെ ഇവര്‍ മാധ്യമങ്ങളില്‍ ആരോപണവുമായി രംഗത്തെത്തി. രാജ്യത്തെ അറിയപ്പെടുന്ന വ്യക്തിയാണ് റെന്നെന്നും അദ്ദേഹം എവിടെയാണെന്നതിന് സര്‍ക്കാറും പൊലീസും മറുപടി പറയണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ഭരണകൂടമറിയാതെ റെന്നിന് ഒന്നും സംഭവിക്കില്ലെന്നും ഇവര്‍ ആരോപിച്ചു. 

കൊറോണവൈറസ് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും വന്‍വാര്‍ത്തയായിരുന്നു. ഈ ഡോക്ടര്‍ പിന്നീട് കൊവിഡ് 19 ബാധിച്ച് മരിച്ചു. ഡോക്ടറുടെ മുന്നറിയിപ്പ് ഗൗരവമായെടുത്തിരുന്നെങ്കില്‍ കൊറോണവൈറസ് നിയന്ത്രിക്കാമെന്ന് അന്താരാഷ്ട്ര വൈദ്യ സമൂഹം അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂട വീഴ്ചകള്‍ തുറന്ന് പറഞ്ഞ റെന്നിനെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഫെബ്രുവരി 23ന് പ്രസിഡന്‍റിനെ വിമര്‍ശിച്ച് റെന്‍ എഴുതിയ ലേഖനം രാജ്യമാകെ വ്യാപകമായി പ്രചരിച്ചതും ചൈനീസ് സര്‍ക്കാറിന് ക്ഷീണമായി. ഇന്‍റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയ നയം കൊവിഡ് 19 തടയുന്നതിന് വിഘാതമായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

ചൈനയിലെ വുഹാനിലാണ് മഹാമാരിയായ കൊവിഡ് 19 പുറപ്പെട്ടത്. പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്നു. ഇപ്പോള്‍ 156 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. 6000ത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചു. ചൈനയില്‍ മാത്രം 3500ലേര്‍ പേര്‍ മരിച്ചു.