മെല്‍ബണ്‍: ലോകത്തെ ഞെട്ടിച്ച ന്യൂസിലന്‍ഡ് ക്രൈസ്റ്റ്ചർച്ച് വെടിവയ്പിലെ പ്രതി ആക്രമണത്തിന് മുന്‍പ് മൂന്ന് മാസത്തോളം ഇന്ത്യയില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ യന്ത്രത്തോക്കുമായി ചെന്നിറങ്ങി  വെടിയുതിർത്തത് 51 വിശ്വാസികളെ നിർദാക്ഷിണ്യം കൊന്നുതള്ളുന്നതിന് മുന്‍പ് കൊലയാളി ബ്രെന്‍റൺ ടാരന്‍റ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. പിതാവിന്‍റെ സ്വത്ത് ഉപയോഗിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചെന്നും ഒരിക്കല്‍ പോലും ബ്രെന്‍റൺ ടാരന്‍റ്  ജോലിയെടുത്ത് പണം സമ്പാദിച്ചിട്ടില്ലെന്നുമാണ് 792 പേജുള്ള റോയല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഹൈസ്കൂള്‍ പഠനത്തിന് ശേഷം 2012 വരെ ഒരു ജിമ്മില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് പിതാവില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും സഞ്ചാരങ്ങള്‍ നടത്തുകയും ചെയ്തത്. 2014 ഏപ്രില്‍ 15നും 2017 ഓഗസ്റ്റ് 17നും ഇടയില്‍ ഉത്തര കൊറിയ ഒഴികെയുള്ള രാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി. ഈ യാത്രകളില്‍ ഏറിയ പങ്കും ഇയാള്‍ തനിച്ചായിരുന്നു സഞ്ചാരം. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ ഇയാള്‍ ഇന്ത്യയില്‍ തങ്ങി. ലോകസഞ്ചാരത്തിന് ഇടയ്ക്ക് ഏറ്റവുമധികം കാലം ഇയാള്‍ തങ്ങിയതും ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നതെന്ന് പിടിഐയെ ഉദ്ധരിച്ച് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂസിലാന്‍ഡ് വെടിവെപ്പ്: കുറ്റവാളിക്ക് ശിക്ഷ വിധിച്ചു

ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലൂടെ 18 മാസത്തിനുള്ളിലാണ് ഇയാള്‍ യാത്ര ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ ഇയാള്‍ ഇത്രകാലം തങ്ങിയത് എവിടെയാണെന്നത് റിപ്പോര്‍ട്ട് വിശദമാക്കുന്നില്ല. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുമായി ഈ യാത്രയില്‍ ബ്രെന്‍റൺ ടാരന്‍റ്  കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാവാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 മാർച്ച് 15 ന് ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചർച്ചിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുകയായിരുന്ന രണ്ട് മുസ്ലീം പള്ളികളിലേക്ക് ആയുധവുമായി കടന്ന് ചെന്നാണ് ഓസ്ട്രേലിയൻ പൗരനായ ബ്രെന്‍റൺ ടാരന്‍റ് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്ന 51 പേരെയാണ് മിനിറ്റുകൾക്കുള്ളിൽ വെടിവച്ച് കൊന്നത്.

ക്രൈസ്റ്റ്ചർച്ചിലെ റിക്കാർട്ടൺ നഗരപ്രാന്തത്തിലുള്ള അൽ നൂർ പള്ളിയിലാണ് ആദ്യ വെടിവെപ്പ് നടന്നത്. അതിന് ശേഷം ഉച്ചയ്ക്ക് 1:52 ന് തൊട്ടടുത്തുള്ള ലിൻവുഡ് ഇസ്ലാമിക് സെന്‍ററിലും വെടിവെപ്പ് തുടര്‍ന്നു. ബ്രെന്‍റൺ ടാരന്‍റ് ഒറ്റയ്ക്കാണ് വെടിവെപ്പിന് ശ്രമിച്ചത്. വംശീയവെറിക്കാരനായ ആ 28 കാരനായ തീവ്രവാദിയുടെ ആക്രമണത്തില്‍ അന്ന് 40 പേര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റിരുന്നു. കൊലയാളി തന്‍റെ ക്രൂരകൃത്യം ഫേസ്ബുക്കില്‍ തത്സമയം കാണിച്ചപ്പോൾ അതുകണ്ട ലോകം ആകെ തരിച്ചിരുന്നു പോയിരുന്നു. സഹജീവികളായ മുസ്ലീങ്ങളോടുള്ള അകാരണമായ വെറുപ്പ് മൂലം ഈ ക്രൂരകൃത്യം ചെയ്ത ഓസ്ട്രേലിയയില്‍ ജനിച്ച ബ്രെന്‍റൺ ടാരന്റിനെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.