വാഷിംഗ്ടണ്‍: പൊലീസ് അതിക്രമത്തില്‍ അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആറ് ദിവസമായി തുടരുന്ന പ്രതിഷേധം ഞായറാഴ്ചയോടെ തലസ്ഥാനത്ത് കൂടുതല്‍ ശക്തമാകുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധകര്‍ രംഗത്തെത്തിയതോടെയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. തലസ്ഥാനമായ വാഷിംഗ്ടണിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അതേസമയം വൈറ്റ് ഹൗസിന്റെ അതിർത്തി കടന്ന് പ്രതിഷേധക്കാർ എത്തിയിരുന്നെങ്കിൽ അവരെ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിട്ടേനെ എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസിലെ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ ഒന്നടങ്കം തെരുവിലിറങ്ങുകയും തെരുവ് കലാപ സമാനമാകുകയും ചെയ്തു. കെട്ടിടങ്ങൾക്ക് തീയിടുകയും കടകളും മറ്റ് കെട്ടിടങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം കത്തിപ്പടർന്നിരുന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്‌ക്വയറിലും പ്രതിഷേധക്കാര്‍ സംഘടിച്ചു,  പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്. 

''വലിയ ജനക്കൂട്ടം, വളരെയേറെ സം​ഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' ട്രംപ് പറഞ്ഞു.