സ്റ്റോക്ക്‌ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണൈന്ന് ഗ്രേറ്റ വ്യക്തമാക്കി. 

''ഞാന്‍ ഒരിക്കലും പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഇടപെടില്ല. പക്ഷെ വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിനും മുകളിലും എല്ലാത്തിനുമപ്പുറവുമാണ്'' ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകളെ അവഗണിച്ച ട്രംപ് ദേഷ്യം നിയന്ത്രിക്കനാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു ട്രംപ് ഒരിക്കല്‍ പ്രതികരിച്ചത്. 

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടതിന് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ഗ്രെറ്റയെ തെരഞ്ഞെടുത്തിരുന്നു. ഇതിനോട് പ്രതികരിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഗ്രെറ്റയെ വിമര്‍ശിച്ചത്. 'ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവര്‍ത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചില്‍ ഗ്രെറ്റ, ചില്‍'- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. 

യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രേറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ഗ്രെറ്റസമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ ഗ്രെറ്റയുടെപോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.