യോക്കോഹാമ: ജപ്പാനിലും കൊവിഡ്–19 (കൊറോണ വൈറസ്) ബാധിച്ച് മരണം. 203 ജപ്പാൻകാർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ഇന്ന് മരിച്ചതായി അധികൃതർ അറിയിച്ചു. എൺപതുകാരിയാണ് മരിച്ചത്. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍.

കൊറോണ ഭീഷണി കാരണം ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാർക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാൻ സർക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകൾ ഒഴിച്ചാൽ രാജ്യത്ത് എവിടെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ഹർഷവർധൻ പറഞ്ഞു. 

Also Read: കൊറോണ: പരിശോധന ശക്തം, കപ്പലിലെ ഇന്ത്യക്കാരെ ജപ്പാനില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

Also Read: കൊറോണ: ജീവന്‍ അപകടത്തില്‍; ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ ഇന്ത്യക്കാരുടെ വീഡിയോ സന്ദേശം

അതേസമയം, ചൈനയിൽ കൊറോണ മരണം 1355 ആയി. ചൈനയിൽ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നതോടെ സർക്കാർ കടുത്ത നടപടികളുമായി രംഗത്തെത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും സർക്കാർ നടപടി തുടങ്ങി. രോഗബാധ തടയാൻ തുടക്കത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.  

Also Read: കൊറോണയില്‍ ഒരു ദിവസം 242 മരണം: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുറത്താക്കല്‍ നടപടി