ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ അര ലക്ഷം കടന്നു. പ്രതിദിന രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. രോഗികളുടെ എണ്ണം അമേരിക്കയിൽ  55 ലക്ഷവും ബ്രസീലിൽ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയിൽ പ്രതിദിനം അരലക്ഷം പേർക്കാണ് ഇപ്പോൾ രോഗം ബാധിക്കുന്നത്. ബ്രസീലിൽ ദിവസവും മുപ്പത്തെട്ടായിരം പേർ രോഗികളാകുന്നു. ഏഷ്യയിൽ കൊവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര്‍ രോഗ ബാധിതരായി.  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർ പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 ആണ് 24  മണിക്കൂറിനുള്ളിലെ രോഗ ബാധിതർ. രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാംപിള്‍ പരിശോധന. എഴുപത്തിയൊന്ന് ശതമാനമാണ് രോഗമുക്തി നിരക്ക്.