മോസ്‌കോ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര പ്രശംസ.  റഷ്യന്‍ വാര്‍ത്താചാനലിലാണ് കേരളത്തെ പ്രശംസിച്ചത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാണെന്നും ചര്‍ച്ചയില്‍ പറയുന്നു. 'മാതൃകാ സംസ്ഥാനം' എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചരിത്രകാരനുമായി വിജയ് പ്രസാദ് ചര്‍ച്ചയില്‍ പങ്കെടുത്തു. 

കൊവിഡ് രോഗവ്യാപനം തടയാന്‍ കേരളം തുടക്കം മുതല്‍ ആത്മാര്‍ഥമായി ശ്രമിച്ചുവെന്നും കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അവതാരക വ്യക്തമാക്കി. ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരും ആരോഗ്യമന്ത്രി കെ കെ ശൈലജയും ആവശ്യമായ മുന്‍കരുതല്‍ കേരളത്തില്‍ ആരംഭിച്ചു. 'ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ് കേരളത്തില്‍. നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ കൂട്ടായ്മയില്‍ അംഗമാണ്. രോഗത്തെ പ്രതിരോധിക്കാന്‍ ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും രംഗത്തിറങ്ങി. രാഷ്ട്രീയത്തെ ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളെയന്നും വിജയ് പ്രസാദ് അഭിപ്രായപ്പെട്ടു.

വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഫലം കണ്ടു. അതുകൊണ്ടുതന്നെ രോഗബാധ തടയാനായെന്നും മരണം കുറക്കാനായെന്നും വിജയ് പ്രസാദ് അഭിപ്രായപ്പെട്ടു. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചെന്നും ചാനല്‍ പറയുന്നു.

കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ആശയം ഭരണസംവിധാനത്തിനും തോന്നിയിട്ടില്ലെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ നേരത്തെയും ഏറെ പ്രശംസ ലഭിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ബി ബി സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിപിഎം നേതാവ് പി രാജീവ് ചാനല്‍ ചര്‍ച്ചയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.